Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അമ്മ' യോഗം:...

'അമ്മ' യോഗം: വിശദീകരണവുമായി നടിമാരുടെ കൂട്ടായ്മ

text_fields
bookmark_border
അമ്മ യോഗം: വിശദീകരണവുമായി നടിമാരുടെ കൂട്ടായ്മ
cancel

കോഴിക്കോട്: ചലച്ചിത്ര മേഖലയിൽ 'വിമെൻ ഇൻ കളക്ടീവ്' എന്തു പരിപ്രേഷ്യമാണ് മുന്നോട്ടുവെക്കുന്നത് എന്നത് സംബന്ധിച്ച് നേരത്തേയുള്ള കുറിപ്പുകളിൽ ഞങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു. പക്ഷേ അതുസംബന്ധിച്ച് ചില വിശദീകരണങ്ങൾകൂടി നൽകേണ്ടതുണ്ട് എന്ന് തോന്നിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറൽ ബോഡി യോഗവും അവിടെ ചർച്ച ചെയ്യപ്പെട്ടതും ചെയ്യപ്പെടാതിരുന്നതുമായ വിഷയങ്ങൾ സംബന്ധിച്ചും ഇക്കാര്യത്തിൽ ഡബ്ല്യു.സി.സിയുടെ നിലപാടിനെ കുറിച്ചും മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിനും ഉണ്ടായ ചില ആശയ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനാണ് ഈ കുറിപ്പ്. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ 'അമ്മ' യോഗത്തിൽ ചർച്ച നടന്നില്ല എന്നത് വാസ്തവം. പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്‍റെ പ്രാഥമികതലം വരെ എത്തി നിൽക്കുകയും ചെയ്യുന്ന ഒരു വിഷയം ഒരു സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യുന്നതിന്‍റെ അസാംഗത്യം മാധ്യമ സമൂഹത്തിന് തികച്ചും ബോധ്യമുളളതാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. 

ഈ നാട്ടിലെ നിയമ- നീതിന്യായ സംവിധാനങ്ങളിൽ വിശ്വാസമുള്ള അമ്മയും ഡബ്ല്യു.സി.സിയും ഇക്കാര്യത്തിൽ അവരവരുടേതായ ഔചിത്യം പാലിച്ചു എന്നു ഞങ്ങൾ കരുതുന്നു. അമ്മ യോഗത്തിൽ സംബന്ധിച്ച ഭൂരിപക്ഷം പേരും പ്രസ്തുത സംഭവത്തെ അപലപിച്ചിരുന്നു. അതിക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവർത്തകയെ ചേർത്തു പിടിച്ചു കൊണ്ട് അവരുടെ പോരാട്ടത്തിൽ ഒപ്പം നിൽകുന്ന സമീപനമാണ് ഈ വിഷയം ഔദ്യോഗികമായും അനൗദ്യോഗികമായും സംസാരിച്ചവർ മുന്നോട്ടുവെച്ചത്. ആക്രമിക്കപ്പെട്ട വ്യക്തിയെ വീണ്ടും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ നടൻ പരസ്യമായി യോഗത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. തുടർന്ന് നടന്ന മാധ്യമ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അമ്മ ഭാരവാഹികൾ പറഞ്ഞതെന്ത് എന്നതിനെ കുറിച്ച് ഞങ്ങൾ വേവലാതിപ്പെടുന്നില്ല.

അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വേണ്ട നിയമ സഹായങ്ങൾ നൽകുന്നതിനും ഇരയെ വീണ്ടും ഇരയാക്കി കൊണ്ടുളള കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾക്ക് മൂർത്ത രൂപം നൽകുകയാണ് ഞങ്ങളിപ്പോൾ. യോഗത്തിൽ   അമ്മ വാഗ്ദാനം ചെയ്ത എല്ലാ പിന്തുണയും ഞങ്ങൾക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചലച്ചിത്ര മേഖലയിൽ അമ്മയടക്കമുള്ള ഇതര സംഘടനകളോടൊപ്പം ഒരു തിരുത്തൽ ശക്തിയായി നിലകൊളളണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇന്നോ നാളെയോ മാറ്റി തീർക്കാനോ പുതുക്കി പണിയാനോ പറ്റുന്ന ചട്ടകൂടല്ല ഇവിടുത്തെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രസ്ഥാനങ്ങൾക്കുളളത്. 

നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്‍റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാൻ അടുത്ത 100 വർഷം മതിയാകമോ എന്ന് ഞങ്ങൾക്കറിയില്ല. അലർച്ചകളും ആർപ്പുവിളികളുമില്ലാതെ നിശ്ശബ്ദമായി പണിയെടുത്തും ചിലപ്പോൾ മനഃപൂർവ്വം ഒഴിഞ്ഞു മാറി നിന്നും ചില ഘട്ടങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്ന ചിന്തയാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. ആമയും മുയലും തമ്മിൽ നടത്തിയ മത്സരത്തിൽ ഞങ്ങൾ ആമയുടെ ഒപ്പമാണ്. കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്കൊപ്പമുണ്ട് എന്ന വിശ്വാസത്തിൽ 'വിമെൻ ഇൻ സിനിമ കളക്ടീവ്' പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women in cinema collectivemalayalam newsmovies news
News Summary - women in cinema collective
Next Story