‘വാഗൺ ട്രാജഡി’ ചലച്ചിത്രമാകുന്നു
text_fieldsതിരൂർ: സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത അധ്യായമായ ‘വാഗൺ ട്രാജഡി’ ഇതേ പേരിൽ സി നിമയാകുന്നു. തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ റജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരിത്രസംഭവം അതേപടി പകർത്തുന്നതിന് പകരം മരണമുഖത്തെ മനുഷ്യെൻറ നിസ്സഹായാവസ്ഥ ചിത്രീകരിക്കാനാണ് ഉദ്ദേശ്യമെന്ന് സംവിധായകൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയുമാണ് പ്രധാന കഥാപാത്രങ്ങളായി പരിഗണിക്കുന്നത്. വിദേശതാരങ്ങളും മുഖ്യവേഷങ്ങളിലെത്തും. മമ്മൂട്ടി നായകനായ പട്ടാളം, പൃഥ്വിരാജ്-ഇന്ദ്രജിത് ചിത്രമായ ‘ഒരുവൻ’ എന്നീ സിനിമകളുടെ തിരക്കഥാകൃത്തും ‘കലികാലം’ സിനിമയുടെ സംവിധായകനുമാണ് റജി നായർ. കേണൽ നിരഞ്ജെൻറ അന്ത്യനിമിഷം പ്രമേയമാക്കി ‘വാർ ഫ്രണ്ട്’ ഷോർട്ട് ഫിലിമും നിർമിച്ചിരുന്നു.
