ദിലീപിനുള്ള കത്തെഴുതിയത് ഭീഷണിയെ തുടർന്നെന്ന് സുനിയുടെ സഹതടവുകാരൻ
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുള്ള കത്തെഴുതിയത് ജയിൽ അധികൃതരുടെ ഭീഷണിയെ തുടർന്നാണെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ വിപിൻലാൽ. കത്തെഴുതാൻ സുനിലും ഭീഷണിപ്പെടുത്തിയെന്നും സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഇങ്ങനെ പലതും സംഭവിക്കുമെന്നും വിപിൻലാൽ പറഞ്ഞു.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ വെച്ച് മാധ്യമങ്ങളോടാണ് വിപിൻ ലാൽ ഇക്കാര്യം പറഞ്ഞത്. അതേസമയം, കേസിൽ ഗൂഢാലോചനയുണ്ടെന്ന് സുനിയുടെ മറ്റൊരു സഹതടവുകാരനായ വിഷ്ണു പറഞ്ഞു. ഗൂഢാലോചന ദിലീപിന്റേത് ആയിരിക്കുമെന്നും വിഷ്ണു പറഞ്ഞു. വിഷ്ണുവിനേയും വിപിൻ ലാലിനേയും കാക്കനാട് കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിനെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകിയത്.
പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന മുഖ്യപ്രതി സുനിൽ കുമാറിന്റെ അപേക്ഷ കാക്കനാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പോലീസ് കസ്റ്റഡിയിൽ മർദമേറ്റെന്ന സുനിയുടെ വാദം കോടതി അംഗീകരിച്ചില്ല.
