സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു
text_fieldsസംവിധായകനും നിർമാതാവുമായ തമ്പി കണ്ണന്താനം(64) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.20ഒാടെയാണ് അന്ത്യം. കരൾസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ ആറുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി പാറത്തോട് സെൻറ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: െഎശ്വര്യ, എയ്ഞ്ചൽ.
16 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഞ്ച് ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത തമ്പി കണ്ണന്താനം പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. തമ്പി സംവിധാനം ചെയ്ത രാജാവിെൻറ മകൻ, ഭൂമിയിലെ രാജാക്കന്മാർ, വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം തുടങ്ങിയ ചിത്രങ്ങൾ മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ നേരം അൽപദൂരം, ജന്മാന്തരം, പുതിയ കരുക്കൾ, ചുക്കാൻ, മാസ്മരം, ഒന്നാമൻ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. 2004ൽ സംവിധാനം ചെയ്ത ഫ്രീഡം ആണ് അവസാന ചിത്രം. ഹദ്: ലൈഫ് ഒാൺ ദ എഡ്ജ് ഒാഫ് ഡെത്ത് എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
ഇതാ ഒരു തീരം, അട്ടിമറി, മദ്രാസിലെ മോൻ, പോസ്റ്റ്മോർട്ടം, തുടർക്കഥ, നിർണയം, ഉസ്താദ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. രാജാവിെൻറ മകൻ, വഴിയോരക്കാഴ്ചകൾ, ജന്മാന്തരം, ഇന്ദ്രജാലം, മാന്ത്രികം എന്നീ ചിത്രങ്ങൾ നിർമിച്ചു. നടന്മാരായ സിദ്ദീഖ്, വിനായകൻ, പ്രണവ് മോഹൻലാൽ എന്നിവരെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയതും തമ്പിയാണ്.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കണ്ണന്താനം ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബർ 11നാണ് ജനനം. 2004നുശേഷം സജീവ സിനിമലോകത്തുനിന്ന് വിട്ടുനിന്ന തമ്പി ഏറെക്കാലമായി കൊച്ചിയിലായിരുന്നു താമസം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
