ബോഡി ഷെയ്മിങ് എന്നാൽ തടിയിലും മുടിയിലും മാത്രമല്ല; കുറിപ്പ് ചർച്ചയാകുന്നു

20:15 PM
16/06/2019
thamasha-movie-song

അഷ്റഫ് ഹംസ സംവിധാനം ചെയ്ത തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോഡി ഷെയിമിങ് അനുഭവിച്ച ഒാരോരുത്തരുടെയും ഹൃദയത്തിലേക്കാണ് ചിത്രം കയറിക്കൂടിയത്. ചിത്രം കണ്ടിറങ്ങിയ ഒാരോ പ്രേക്ഷകനും ഒാരോ അനുഭവമാണ് പറയാനുള്ളത്. ചിത്രം കണ്ട ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ജാഫർ ബഷീർ എന്ന ഡോക്ടറാണ് ചിത്രത്തെ അഭനന്ദിച്ച് കുറിപ്പിട്ടത്. 

കുറിപ്പിന്‍റെ പൂർണരൂപം: 

നോവുണർത്തിയ 'തമാശ'..

ഒരുപാട് കാലത്തിനു ശേഷം തിയറ്ററിൽ പോയി ഒരു സിനിമ കണ്ടു - 'തമാശ'

മനുഷ്യ മനസ്സുകളിൽ ആർദ്രതയും കരുണയും അകന്നുപോകുന്ന ഈ കാലത്ത് ശക്തമായ ഒരു ജനകീയ മാധ്യമമായ സിനിമ ഉപയോഗിച്ച് അവ പുനർജ്ജീവിപ്പിക്കാനും നന്മകൾ പടർത്താനും നടത്തുന്ന ശ്രമങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്, ഹൃദയം കൊണ്ട് അഭിനന്ദിക്കപ്പെടേണ്ടതാണ്. ഭാഗ്യവശാൽ എനിക്ക് ഇത് വരെ കഷണ്ടിയില്ല, അമിതവണ്ണവുമില്ല, കല്യാണം മുടങ്ങിയിട്ടുമില്ല.

പക്ഷേ, ശ്രീനിയും ചിന്നുവും ഒരു പാട് വർഷങ്ങൾ മുമ്പേയ്ക്ക് എന്നെ കൊണ്ടു പോയി ഉണർത്തിയത് നോവുകളും അപമാനിതനുമായി ഉൾവലിഞ്ഞു ജീവിക്കുന്ന ഒരു എട്ടാം ക്ലാസുകാരനെയാണ്. ഉയരം കുറഞ്ഞ, കണ്ണട വെച്ച ഒരു 12 വയസ്സുകാരൻ..! ബോഡി ഷെയ്മിംഗ് എന്നാൽ തടിയിലും മുടിയിലും മാത്രമല്ല എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

"കുള്ളാ.. ", "പൊട്ടക്കണ്ണാ ", "ചോട്ടാ ", "സോഡാ ഗ്ലാസേ " എന്നിങ്ങനെ പോകുന്നു അഭിസംബോധനകൾ.. 3 കിലോമീറ്ററോളം നീളുന്ന സ്കൂളിലേക്കുള്ള ബസ് യാത്രകളിലാണ് ഏറ്റവും കൂടുതൽ ഇതനുഭവിച്ചിട്ടുള്ളത്. ബസ്സിലും സ്റ്റോപ്പിലും തള്ളിയിട്ടും, കണ്ണട പിടിച്ചെടുത്ത് പിന്നാലെ ഓടിച്ചും, പല തവണ കണ്ണട ചവിട്ടിപ്പൊട്ടിച്ചും പലരും രസിച്ചു, അട്ടഹസിച്ചു.. സ്വതവേ മിതഭാഷിയായ ഞാൻ കൂടുതൽ തന്നിലേക്ക് ഉൾവലിഞ്ഞു. ഒരു പക്ഷേ, എന്റെ മാതാപിതാക്കൾ പോലും ഇതറിയുന്നത് ഈ കുറിപ്പ് വായിക്കുമ്പോഴായിരിക്കും - അത്രയ്ക്ക് തന്നിലേക്ക് ഒതുങ്ങിക്കഴിഞ്ഞിരുന്നു ഞാൻ...

പിന്നീട് വീട് സ്ക്കൂളിന് അടുത്തായി, ബസ് യാത്ര മാറി സൈക്കിൾ യാത്രയായി.. സൈക്കിളിൽ ഉയർന്ന് നിന്ന് ചവിട്ടുമ്പോൾ ആത്മവിശ്വാസത്തിന് ചിറകുകൾ മുളയ്ച്ചു. മലയാളം പഠിപ്പിച്ച കേശവൻ മാഷ് " ഉയരമില്ലായ്മയാണ് എന്റെ ഉയരം" എന്ന് ലോകത്തോട് പ്രഖ്യാപിച്ച കുഞ്ഞുണ്ണി മാഷെക്കുറിച്ച് പറഞ്ഞ ആ ക്ലാസ് എന്റെ ജീവിത കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു. ഉയരമില്ലാത്തത് കൊണ്ട് ഞാൻ എത്ര മാത്രം ഭാഗ്യവാനാണ് എന്ന് പിന്നീട് ജീവിതം പോസിറ്റീവായി എന്നെ കാണിച്ചു കൊണ്ടേയിരുന്നു.

"ഞങ്ങൾക്കെല്ലാം രണ്ട് കണ്ണേയുള്ളൂ, നിനക്ക് നാല് കണ്ണുണ്ടല്ലോ " എന്ന് പറഞ്ഞ എന്റെ ആത്മ സുഹ്യത്ത് ലജിത്തും ഒരു അമ്മയെ പോലെ എന്നെ നോക്കി "ശരീര വലിപ്പത്തിലല്ല, മനസ്സിന്റെ വലിപ്പത്തിലാണ് കാര്യം" ,"Defects and obstacles in life are actually Blessings in Disguise " എന്ന് പറഞ്ഞ ഇംഗ്ലീഷ് ടീച്ചറായ പ്രേമ മിസ്സും ആ ഹൈസ്ക്കൂളുകാരന്റെ ജീവിത ദശതന്നെ മാറ്റിമറിച്ചു..

മനുഷ്യൻ അവനവനിലുള്ള മതിപ്പില്ലായ്മയും നികൃഷ്ടതയും സഹജീവികളിലെ കുറ്റവും കുറവുകളും കണ്ട് പിടിച്ച് അവഹേളിച്ച് അതിൽ ആനന്ദവും താല്ക്കാലികമായ ആത്മമ നിർവൃതിയും കണ്ടെത്തുകയാണ് എന്ന പ്രാപഞ്ചിക സത്യം പിന്നീടുള്ള ജീവിതം എന്നെ പഠിപ്പിച്ചു, അതേ സത്യം രണ്ടു മണിക്കൂർ കൊണ്ട് 'തമാശ' വീണ്ടും അടിവരയിട്ടു തന്നു.

ഇന്ന് ഞാൻ ഒരു ഡോക്ടറാണ്, ആറടി പൊക്കവുമൊന്നുമില്ല: അഞ്ചടി നാലിഞ്ചുള്ള കണ്ണടക്കാരനായ ഒരു ഗവർണ്മെന്റ് ഡോക്ടർ...!
ശ്രീനിവാസൻ മാഷും ചിന്നുവും ആത്മവിശ്വാസം തന്നത് മുടിയില്ലാത്തവർക്കും തടിയുള്ളവർക്കും മാത്രമല്ല. ബിഗ് സല്യൂട്ട്..!

Loading...
COMMENTS