പുതുവത്സര നൃത്ത പരിപാടി സണ്ണി ലിയോൺ ഉപേക്ഷിച്ചു
text_fieldsബംഗളൂരു: പുതുവർഷരാവിൽ നഗരത്തിൽ നടത്താനിരുന്ന നൃത്ത പരിപാടി ബോളിവുഡ് താരം സണ്ണി ലിയോൺ ഉപേക്ഷിച്ചു. ട്വിറ്ററിലാണ് പരിപാടിയിൽനിന്ന് പിന്മാറുന്ന വിവരം നടി അറിയിച്ചത്. സുരക്ഷയൊരുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയതിനാൽ പരിപാടിയിൽനിന്ന് പിന്മാറുകയാണെന്ന് നടി ട്വിറ്ററിൽ വ്യക്തമാക്കി. നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതിനെതിരെ സംഘാടകർ തിങ്കളാഴ്ച കർണാടക ഹൈകോടതിയെ സമീപിച്ചിരുന്നു.

‘ദ ടൈം ക്രിയേഷൻസ്’ എന്ന പരസ്യ ഏജൻസിയാണ് അനുമതി തേടി കോടതിയിൽ റിട്ട് ഹരജി നൽകിയത്. നാഗവാര മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് കൺവെൻഷൻ സെൻററിൽ ഡിസംബർ 31നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് അനുമതി നിഷേധിച്ചത്. ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ല ഇത്തരം ആഘോഷമെന്ന് ആരോപിച്ച് കന്നട അനുകൂല സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു.
