Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകമലിനെതിരെ...

കമലിനെതിരെ നടപടിയെടുക്കണം: മന്ത്രിക്ക് മുതിർന്ന അഭിനേതാക്കളുടെ കത്ത് 

text_fields
bookmark_border
കമലിനെതിരെ നടപടിയെടുക്കണം: മന്ത്രിക്ക് മുതിർന്ന അഭിനേതാക്കളുടെ കത്ത് 
cancel

കൊച്ചി:  സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ നടപടിയെടുക്കണമെന്ന്  അമ്മയിലെ മുതിർന്ന അഭിനേതാക്കൾ. മുതിർന്ന അഭിനേതാക്കളായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കത്തയച്ചു. 

അമ്മയിലെ മുതിർന്ന അംഗങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നിൽക്കുന്നവരാണെന്ന് കമൽ പറഞ്ഞു.  അമ്മ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല തങ്ങൾ കാണുന്നത്‌. ആ കൈനീട്ടം ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ കരുത്താവുന്നത്‌. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂവെന്നും കത്തിൽ പറയുന്നു. 

അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ ഞെട്ടിക്കുന്നു. ഒരു പ്രസ്താവന മൂലം തങ്ങൾക്കുണ്ടായ മാനസിക വിഷമം പങ്കുവെക്കുകയാണെന്നും വിഷയത്തിൽ ഉചിത നടപടി സ്വീകരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

കത്തിന്‍റെ പൂർണരൂപം:

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ അവർകളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവർത്തകരായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ ബോധിപ്പിക്കുന്നത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ.കമൽ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിർന്ന അംഗങ്ങളെ കുറിച്ച്‌ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ്‌ ഞങ്ങൾ വായിച്ചത്‌. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നിൽക്കുന്നവരാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദശാബ്ദങ്ങളായി മലയാള സിനിമയിൽ അഭിനേതാക്കളായി പ്രവർത്തിക്കുന്നവരാണ്‌ ഞങ്ങൾ. എത്രയോ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിച്ചു. ആ വേഷപകർച്ചകളിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്‌. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതും. 

ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങൾക്ക്‌ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങൾ കാണുന്നത്‌. അത്‌ ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമൽ കാണുന്നത്‌. കമിലിനോട്‌ തെറ്റ്‌ തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങൾ പറയുന്നില്ല. കാരണം 35 വർഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങൾക്കും അറിയാം, വ്യക്തമായി.

അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങൾക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടർന്ന് എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് താങ്കൾ ആണല്ലോ


സ്നേഹപൂർവ്വം
മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamadhumalayalam newsmovie newsamma controversy
News Summary - Senior Actors sent Letter to AK Balan for take Action Against Kamal-Movie News
Next Story