‘നിറത്തിന്‍റെ പേരിൽ ഒരു വിഭാഗം ഒറ്റപ്പെട്ടു; ഇനിയെങ്കിലും ഒന്ന് ജീവിച്ചൂടെ മനുഷ്യന്മാരെ’

12:37 PM
11/06/2020
Sayanora-Philip

കറുത്തവർഗക്കാർക്കെതിരെ നടക്കുന്ന വിവേചനങ്ങൾക്കെതിരെ ലോകമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ഗായിക സയനോര ഫിലിപ്പ്. 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാമ്പയിൻ വിവേചനങ്ങൾക്കുള്ള ശക്തമായ ചെറുത്തു നിൽപ്പാണ്. തൊലി വെളുത്താൽ വലുതാണെന്ന് വിചാരിക്കുന്ന അൽപ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടമെന്നും സയനോര ഫേസ്ബുക്കിൽ കുറിച്ചു. 

പ്രതിഷേധത്തിൽ വെളുത്തവരും കറുത്തവരുമുണ്ട് . എല്ലാവരും പൊരുതുകയാണ്. അതിനദ പിന്നിൽ രാഷ്ട്രീയമുണ്ടായിരിക്കാം. എന്നാൽ തൊലിവെളുപ്പിന്‍റെ പേരിൽ ഒരു ജനവിഭാഗം ഒറ്റപ്പെട്ടു പോയിട്ടുണ്ട്. ഒരു പാട് രക്തം പൊടിഞ്ഞിട്ടുണ്ട്. അവർക്കിത് പോരാട്ടമാണ്.

മനുഷ്യരുടെ മനസ്സ് കീഴടക്കി വെച്ചിരിക്കുന്ന മഹാമാരിയോടുള്ള പോരാട്ടം! ലോകത്തിനെ മുഴുവൻ ഒറ്റ കുടക്കീഴിൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞ ഈ മഹാമാരിയേക്കാൾ പാട് പിടിച്ച മാരി. കാലം അതിക്രമിച്ചില്ലേ? ഇനിയെങ്കിലും ഒന്ന് ജീവിച്ചൂടെ മനുഷ്യന്മാരെ നമ്മൾക്ക്? എല്ലാരേയും ചേർത്ത് പിടിച്ചു, സുന്ദരമായിട്ട് -സയനോര കുറിച്ചു.

സയനോരയുടെ ഫേസ്ബുക്ക് കുറിപ്പ് 

"കറുപ്പ് എന്നും പറഞ്ഞു എത്തറയാളുകൾ

കാറി ഇളിചാട്ടി പോയിടുന്നു

പെണ്ണ് കറുത്താൽ കുറഞ്ഞവൾ എന്നോർത്തു

കക്ഷം വിയർക്കെയും ഓടിടുന്നു

കല്യാണ കമ്പോളങ്ങളിൽ വില പേശലുകൾ

തകൃതിയായി വീണ്ടും നടത്തിടുന്നു

കുഞ്ഞിനെ പെറ്റിട്ട തള്ളയും തന്തയും

ലവ് ലികൾ തേച്ചു കൊടുത്തിടുന്നു

കസ്തൂരി മഞ്ഞളും രക്ത ചന്ദനവും

ഷെൽഫിൽ കിളിർക്കുന്നു പൂത്തിടുന്നു

ഇല്ലം വെളുത്താലും പെണ്ണ് വെളുക്കണമേ

(ഇല്ലെങ്കിൽ കുട്ട്യോൾ കറുത്തു പോവും!)

പഠിപ്പ് നിർത്തിയാലും പെണ്ണിനെ കെട്ടിച്ചയക്കണമേ..

ഓടി കൊണ്ടേ ഇരിപ്പാണ് ലോകം."

നിറം,ഭംഗി അതെന്താണ്? നമ്മളിൽ ചിത്രങ്ങളായും കഥകളായും മനസ്സിന്റെ ക്രയോൺ ബോക്സുകളിലും കാൻവാസിലും രാജകുമാരികളായും അപ്സരസ്സുകളായും മൽസ്യ കന്യകമാരായും ഒക്കെ വന്നത് എല്ലാം ഗോതമ്പ് നിറത്തിലുള്ള വെളുത്ത സുന്ദരിമാർ ആയിരുന്നില്ലേ കൂടുതലും ? Snowwhite പോലെ ആവണമെന്ന് ഏതൊരു ചെറിയ പെൺകുട്ടിയും ആഗ്രഹിക്കാറില്ലേ? ബ്യൂട്ടി പേജെന്റ്, ചാനലുകൾ , വെള്ളിത്തിരയിൽ നല്ല കറുത്ത സുന്ദരികൾ എത്ര പേരുണ്ട്? അഥവാ ഉണ്ടെങ്കിൽ തന്നെ തങ്ങൾക്ക് നിറം കുറവാണെന്ന തോന്നൽ വന്ന് മേക്കപ്പും കൂട്ടി ഇട്ട് കൊറച്ചു കൂടി നിറം വേണമായിരുന്നു എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കില്ലെ അവരിൽ പലരും? ഞാനും അങ്ങനെ ഒക്കെ ധരിച്ചു വെച്ചിരുന്നു.

അമ്മായിമാരും ആന്റിമാരും അയല്‍പക്കക്കാരും ഒക്കെ കൂലം കഷമായിട് ആരെങ്കിലും കെട്ടുന്ന പെണ്ണ് പോരാപ്പാ, കൊറച്ചു കളർ കൊറവാപ്പാ എന്നൊക്കെ ഇരുന്നു ചർച്ച ചെയ്യുന്നത് നമ്മൾ കേട്ടിട്ടുമുണ്ട്! എത്രയാളെ കളിയാക്കാറുണ്ട് കറുപ്പ് കൂട്ടി കളിയാക്കി വിളിച്ചിട്ടുണ്ട്? ചിരിച്ചിട്ടുണ്ട്?

കറുത്തത് കൊണ്ട് മാത്രം കെട്ട്യോന്‍റെ വീട്ടിലെ കളിയാക്കലുകൾ കേട്ട് കരഞ്ഞോണ്ട് ഉറങ്ങുന്ന വീട്ടമ്മയുണ്ട് ഈ നാട്ടിൽ. കറുത്തതിനെ എന്തിനു വളർത്തി ? വലിച്ചെറിഞ്ഞു കൂടായിരുന്നില്ലേ എന്ന് കരഞ്ഞു വിളിച്ച ഒരു 6 വയസ്സുകാരി ഉണ്ട് ഇവിടെ?

ലോകത്തിൽ ഇപ്പോ നടക്കുന്ന "Black Lives Matter” movement ഇതിന്‍റെ യൊക്കെ ശക്തമായ ചെറുത്തു നിൽപ്പാണ്. തൊലി വെളുത്താൽ വലുതാണെന്ന് വിചാരിക്കുന്ന അൽപ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടം . അതിൽ വെളുത്തവരും കറുത്തവരും ഉണ്ട് . എല്ലാവരും പൊരുതുകയാണ്. അത് പൊളിറ്റിക്സിന്റെ ഭാഗം ആണ് എന്നു പറയുന്നുണ്ട് പലരും. ശെരി ആയിരിക്കാം. അല്ലായിരിക്കാം. പക്ഷെ ഒന്ന് എന്ത് തന്നെ ആയാലും ശെരി ആണ്. തൊലിവെളുപ്പിന്‍റെ പേരിൽ ഒരു ജനവിഭാഗം ഒറ്റപ്പെട്ടു പോയിട്ടുണ്ട്, ഒരു പാട് ചോര വീണിട്ടുണ്ട്. അവർക്കിത് ഒരു പോരാട്ടമാണ്. മനുഷ്യരുടെ മനസ്സ് കീഴടക്കി വെച്ചിരിക്കുന്ന മാരിയോടുള്ള പോരാട്ടം! ഒരു പക്ഷെ ലോകത്തിനെ മുഴുവൻ ഒറ്റ കുടക്കീഴിൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞ ഈ മഹാമാരിയേക്കാൾ പാട് പിടിച്ച മാരി. കാലം അതിക്രമിച്ചില്ലേ? ഇനിയെങ്കിലും ഒന്ന് ജീവിച്ചൂടെ മനുഷ്യന്മാരെ നമ്മൾക്ക്? എല്ലാരേയും ചേർത്ത് പിടിച്ചു, സുന്ദരമായിട്ട് ?

Loading...
COMMENTS