സെക്സി ദുർഗ: സനൽ കുമാർ ശശിധരൻ ഹൈകോടതിയെ സമീപിച്ചു 

19:04 PM
14/11/2017
Sasidaran

അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ നിന്നും പാനലിന്‍റെ അനുമതിയില്ലാതെ തന്‍റെ ചിത്രം പിൻവലിച്ചതിനെതിരെ നിയമനടപടിയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേരള ഹൈകോടതിയിൽ ഹരജി നൽകി. 

ചിത്രങ്ങൾ പിൻവലിച്ച ഐ.ആൻഡ് ബി മന്ത്രാലയത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജൂറി തലവൻ രാജിവെച്ചിരുന്നു. സനൽകുമാർ ശശിധരന്‍റെ സെക്സി ദുർഗ, രവി ജാദവിന്‍റെ മറാത്തി സിനിമയായ ന്യൂഡ് എന്നീ സിനിമകളാണ് 13അംഗ ജൂറിയുടെ അനുമതിയില്ലാതെ പിൻവലിച്ചത്. നവംബർ 20 മുതൽ 28വരെ ഗോവയിൽ അരങ്ങേറുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പട്ടിക ഈ മാസം ഒൻപതിനാണ് പുറത്തുവിട്ടത്. സിനിമകൾ കണ്ട് വിലയിരുത്തിയ ശേഷം ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്തതായിരുന്നു ഈ രണ്ട് ചിത്രങ്ങളും.

കൺഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ ഒരു സമൂഹം എത്രമാത്രം ഭീഷണിപ്പെടുത്തുമെന്നാണ് സനൽകുമാർ ശശിധരൻ സെക്സി ദുർഗയിലൂടെ പറയാൻ ശ്രമിക്കുന്നത്. മുംബൈ നഗരത്തിലെ ഒരു നഗ്ന മോഡൽ നേരിടുന്ന ദുരനുഭവങ്ങളും പ്രയത്നങ്ങളുമാണ് ന്യൂഡിന്‍റെ പ്രതിപാദ്യം.
 

COMMENTS