You are here
അക്ഷയ് കുമാർ ഇടഞ്ഞു; സാജിദ് ഖാൻ ഹൗസ്ഫുൾ 4ൽ നിന്ന് പുറത്ത്
ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ നിന്നും സാജിദ് ഖാൻ പുറത്ത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രത്തിന്‍റെ സംവിധാന ചുമതലയിൽ നിന്ന് മാറി നിൽക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ചലച്ചിത്ര- മാധ്യമ മേഖലകളിൽനിന്നുള്ള മൂന്നു സ്ത്രീകളാണ് സാജിദ് ഖാനെതിരെ രംഗത്തുവന്നത്. നടി റേച്ചൽ വൈറ്റ്, അസിസ്റ്റൻറ് ഡയറക്ർ സലോനി ചോപ്ര, മാധ്യമപ്രവർത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് സാജിദിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്.
സാജിദ് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് ഇവർ ആരോപിച്ചത്.
എനിക്കെതിരെ പുറത്തു വന്ന ആരോപണത്തോടെ കുടുംബവും ഹൗസ്ഫുൾ നിർമാതാവും മറ്റ് താരങ്ങളും സമ്മർദത്തിലായി. അതിനാൽ ഇതിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചു. ആരോപണത്തിന് പിന്നിലെ സത്യം തെളിയിക്കും. മാധ്യമ സുഹൃത്തുക്കൾ സത്യം പുറത്തുവരുന്നതിന് മുമ്പ് ഒരാളെയും വിധിക്കരുത്.
-സാജിദ് ഖാൻ
അതിനിടെ ആരോപണങ്ങൾ പുറത്തുവന്നയുടൻ ഹൗസ്ഫുൾ 4 ലെ നായകൻ അക്ഷയ് കുമാർ സത്യം പുറത്തുവരുന്നത് വരെ ചിത്രീകരണം നിർത്തിവെക്കണമെന്ന് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഇത് കൂടാതെ ഇത്തരം അക്രമങ്ങളെ വിമർശിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു.
കഴിഞ്ഞദിവസമാണ് ഞാൻ ഇന്ത്യയിലേക്ക് മടങ്ങി വന്നത്. വരുന്ന വാർത്തകൾ എന്നെ അസ്വസ്ഥപ്പെടുത്തി. അതിനാൽ ഹൗസ്ഫുളിന്‍റെ നിർമാതാക്കളോട് ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരുന്നത് വരെ ചിത്രീകരണം നിർത്തിവെക്കണണമെന്ന് നിർദേശിക്കുന്നു. ഇത്തരം പ്രവർത്തികൾക്ക് തക്കതായ ശിക്ഷ വേണം. ഞാനൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോടൊപ്പം ജോലി ചെയ്യില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നീതി ഉറപ്പാക്കണം.
-അക്ഷയ് കുമാർ