Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഈ കപടസദാചാരം...

ഈ കപടസദാചാരം വിളമ്പുന്ന ഏർപ്പാട് മലയാളി അവസാനിപ്പിക്കണം; വൈറലായി കുറിപ്പ്

text_fields
bookmark_border
ഈ കപടസദാചാരം വിളമ്പുന്ന ഏർപ്പാട് മലയാളി അവസാനിപ്പിക്കണം; വൈറലായി കുറിപ്പ്
cancel

ഗായിക റിമി ടോമി വിവാഹ മോചിതയാകുന്നുവെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഏറെ നടന്ന ചർച്ചകൾ റിമിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു. 'ഇത്രയും വർഷം ഇവളെ സഹിച്ച ഭർത്താവിന് ഒരു വലിയ സല്യൂട്ട്....' എന്ന തരത്തിലുള്ള കമന്‍റാണ് വാർത്തക്ക് ലഭിച്ചത്. ഇത്തരം പ്രതികരണത്തെ വിമർശിച്ച് സന്ദീപ് ദാസ് എന്ന യുവാവിന്‍റെ കുറിപ്പ് വൈറലായിരിക്കുകയാണ്.

കപടസദാചാരം വിളമ്പുന്ന ഏർപ്പാട് മലയാളി അവസാനിപ്പിച്ചാൽ ഗാർഹികപീഡനങ്ങൾക്കും അതേത്തുടർന്നുള്ള ദുരന്തങ്ങൾക്കും വലിയതോതിൽ കുറവ് വരുന്നത് കാണാം. ഒരാളുടെ കുടുംബജീവിതം അയാൾക്കുമാത്രം വിട്ടുകൊടുക്കുക.പബ്ലിക് പെർഫോമൻസ് മാത്രം ഒാഡിറ്റ് ചെയ്താൽ പോരേയെന്നും അദ്ദേഹം ചോദിക്കുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാർത്ത വന്നിരുന്നു.അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികൾ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്...! ''ഇത്രയും വർഷം ഇവളെ സഹിച്ച ഭർത്താവിന് ഒരു വലിയ സല്യൂട്ട്....'' ''ഇവളെ കല്ലട ബസ്സിൽ കയറ്റി ബാംഗ്ലൂർക്ക് വിടണം...'' ''ജീവപര്യന്തം തടവ് കഴിഞ്ഞ് ഭർത്താവ് രക്ഷപ്പെട്ടു....! '' ഇങ്ങനെപോകുന്നു കമൻ്റുകൾ.ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട് ! എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം?

പലപ്പോഴും സ്വയം ട്രോൾചെയ്യുന്ന വ്യക്തിയാണ് അവർ.മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താൻ പോന്ന, 'അഹങ്കാരം' നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയിൽ നിന്ന് ഉണ്ടാവാറില്ല.പിന്നെ എന്താവും കാരണം? ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ സമൂഹം ചില വാർപ്പുമാതൃകകൾ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.അതിനോട് ഒരു ശതമാനം പോലും നീതിപുലർത്താത്ത വ്യക്തിയാണ് റിമി.മലയാളികൾക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിൻ്റെ കാരണം അതാണ്. ചിരിക്കുമ്പോൾ വായ പൊത്തിപ്പിടിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടില്ലേ? സമൂഹം അവരെ അങ്ങനെയാണ് പഠിപ്പിക്കുന്നത്.അടക്കത്തിൻ്റെയും ഒതുക്കത്തിൻ്റെയും സ്റ്റഡി ക്ലാസുകളാണ് പെൺകുട്ടികൾക്ക് നിരന്തരം കിട്ടുന്നത്.പെണ്ണിൻ്റെ ചിരിയ്ക്ക് തീർച്ചയായും പരിധികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കടകവിരുദ്ധമാണ് റിമി.വേദി ഏതായാലും,മുമ്പിലിരിക്കുന്നത് എത്ര വലിയ സെലിബ്രിറ്റി ആയാലും,അവർ സർവ്വവും മറന്ന് പൊട്ടിച്ചിരിക്കും ! ഈ സ്വഭാവം മാറ്റണമെന്ന ഉപദേശം ഒരുപാട് പേർ റിമിയ്ക്ക് നൽകിയിട്ടുണ്ടാവും.

പക്ഷേ അവർ മാറിയില്ല. അവരുടെ കലപില സംസാരത്തിൽ 'അടക്കവും ഒതുക്കവും' തീരെയില്ല.സ്റ്റേജിൽ കയറിയാൽ ചാടിത്തുള്ളിയെന്നിരിക്കും.ഇൗ വക കാര്യങ്ങളൊന്നും 'ഉത്തമ സ്ത്രീ'യ്ക്ക് ചേർന്നതല്ലല്ലോ...! വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷൻ്റെ കൂടെ ബൈക്കിൽ സഞ്ചരിച്ചാൽ അതിൽ അവിഹിതം കണ്ടെത്തുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്.പണ്ട് ഷാറൂഖ് ഖാൻ റിമി ടോമിയെ എടുത്തുയർത്തിയതൊന്നും സ്വാഭാവികമായും ശരാശരി മലയാളിയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല. റിമി ഒരിക്കലും തൻ്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ല.ആളുകൾ എന്തു പറയുമെന്നോർത്ത് ജീവിതത്തിൽ അഭിനയിക്കാൻ ശ്രമിച്ചിട്ടില്ല.വർഷങ്ങളോളം പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തൻ്റെ 'തലതെറിച്ച' സ്വഭാവം അതേപടി തുടർന്നു.നമുക്ക് പലർക്കും സാധിക്കാത്ത കാര്യമാണത്. ജീവിതം നമുക്കുവേണ്ടിയാവണം.പക്ഷേ പലപ്പോഴും അത് നാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രമാകുന്നു.റിമിയുടെ ശൈലി ചിലർക്ക് അരോചകമായി അനുഭവപ്പെടുന്നുണ്ടാവാം.പക്ഷേ മിക്ക ചാനലുകളിലും അവർ സ്ഥിരം സാന്നിദ്ധ്യമാണ് എന്ന കാര്യം ഒാർക്കുക. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ആധികാരികമായി അഭിപ്രായം പറയുന്ന ഒരാളൊന്നുമല്ല റിമി.നാട്യങ്ങളില്ലാതെ ഇടപെടുന്നു എന്നുമാത്രമേയുള്ളൂ.ഇവിടത്തെ യാഥാസ്ഥിതികരെ അസ്വസ്ഥരാക്കാൻ അതുതന്നെ ധാരാളം.

അപ്പോൾ പിന്നെ പാർവ്വതിയെപ്പോലെ ശക്തമായ നിലപാടുകളുള്ള അഭിനേത്രികൾ ആക്രമിക്കപ്പെടുന്നതിൽ അത്ഭുതമുണ്ടോ!? എല്ലാ പെൺകുട്ടികളും വാർപ്പ് മാതൃകകളെ തകർത്തെറിഞ്ഞ് സ്വതന്ത്രമായി ഇടപെടാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? സൈബർ സഹോദരൻമാർക്ക് നിദ്രാവിഹീനരാത്രികളുടെ കാലമായിരിക്കും പിന്നീട് ! വിവാഹമോചനം എന്നത് തീർത്തും വ്യക്തിപരമായ ഒരു സംഭവമാണ്.കല്യാണം എന്ന ഉടമ്പടിയിലേർപ്പെട്ട രണ്ടുപേർ അതിന് വിരാമമിടാൻ നിശ്ചയിക്കുന്നു.പുറത്തുനിന്നുള്ളവർക്ക് അതിൽ ഒരു കാര്യവുമില്ല.വിമർശനമോ പിന്തുണയോ അതിൽ ആവശ്യവുമില്ല. അതിനുപകരം ഇവിടത്തെ ചില മാദ്ധ്യമങ്ങൾ എരിവും പുളിയും ചേർത്ത് വാർത്ത കൊടുക്കുന്നു.ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടുകൾ നൽകുന്നു.ലൈംഗികദാരിദ്ര്യം പ്രകടമാക്കാൻ ഒരു വേദി അന്വേഷിച്ചുനടക്കുന്ന കുലപുരുഷൻമാരും കുലസ്ത്രീകളും അതിൽ കേറി മേയുന്നു.ശുഭം ! കുടുംബം എന്ന സ്ഥാപനത്തോട് എതിർപ്പൊന്നുമില്ല.പക്ഷേ യോജിച്ചുപോകാനാവില്ലെന്ന് രണ്ടു വ്യക്തികൾക്ക് ബോദ്ധ്യമായാൽ ഒരുമിച്ചുള്ള സഞ്ചാരം അവസാനിപ്പിക്കുന്നത് തന്നെയാണ് ഉചിതം. പക്ഷേ മലയാളികൾക്ക് ഇതൊന്നും മനസ്സിലാവില്ല.ഡിവോഴ്സിന് ഒരുങ്ങുന്നവരെ പരിഹസിച്ച് വീര്യംകെടുത്തും.യോജിപ്പില്ലെങ്കിലും കടിച്ചുതൂങ്ങാൻ നിർദ്ദേശിക്കും.അവസാനം ആത്മഹത്യയും കൊലപാതകവും അരങ്ങേറുമ്പോൾ ''എന്തുകൊണ്ട് ബന്ധം വേർപിരിഞ്ഞില്ല'' എന്ന് നിഷ്കളങ്കമായി ചോദിക്കും ! ഈ കപടസദാചാരം വിളമ്പുന്ന ഏർപ്പാട് മലയാളി അവസാനിപ്പിച്ചാൽ ഗാർഹികപീഡനങ്ങൾക്കും അതേത്തുടർന്നുള്ള ദുരന്തങ്ങൾക്കും വലിയതോതിൽ കുറവ് വരുന്നത് കാണാം. ഒരാളുടെ കുടുംബജീവിതം അയാൾക്കുമാത്രം വിട്ടുകൊടുക്കുക.പബ്ലിക് പെർഫോമൻസ് മാത്രം ഒാഡിറ്റ് ചെയ്താൽ പോരേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsRimi Tomy
News Summary - Rimi Tomy Divorce and Malayalees Response-Movie News
Next Story