പത്മാവതിക്ക് പിന്നാലെ ദഷ്ക്രിയ റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് ബ്രാഹ്മണ മഹാസഭ
text_fieldsപൂനെ: സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിക്കെതിരെ പ്രതിഷേധം മുറുകുന്നതിനിടെ മറാത്തി ചിത്രം 'ദഷ്ക്രിയ'യെ എതിർത്ത് ഹിന്ദു സംഘടന രംഗത്ത്. ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധവുമായി അഖില ഭാരതീയ ബ്രാഹ്മണ മഹാസഭ രംഗത്തെത്തിയത്. ചിത്രം ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തുമെന്നും അവരെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സംഘടന പൂനെ പൊലീസിന് കത്തയച്ചു. ചിത്രം റിലീസ് ചെയ്യരുതെന്ന് ഇവർ തിയേറ്റർ ഉടമകളോട് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഭീഷണി കാര്യമാക്കുന്നില്ലെന്നും ചിത്രം റിലീസ് ചെയ്യുമെന്നും ചില തിയേറ്റർ ഉടമകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. വിതരണക്കാരോ നിർമാതാവോ പറഞ്ഞാൽ മാത്രമേ തങ്ങൾ ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവെക്കുകയുള്ളുവെന്നും അല്ലാത്തപക്ഷം റിലീസുമായി മുന്നോട്ട് പോകുമെന്നും തിയേറ്റർ ഉടമ നീരവ് പഞ്ചമിയ പറഞ്ഞു. എന്നാൽ, നഗരത്തിലെ മറ്റൊരു തിയേറ്ററായ സിറ്റി പ്രൈഡ് പ്രശ്നം പരിഹരിച്ച ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യുകയുള്ളുവെന്ന് അറിയിച്ചിട്ടുണ്ട്.
ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ദഷ്ക്രിയയുടെ സംവിധായകൻ സന്ദീപ് പട്ടീൽ ആഭ്യന്തര വകുപ്പിന് കത്തയച്ചു. ഒരു ചെറിയ സംഘത്തിന്‍റെ ഭീഷണിക്ക് വഴങ്ങില്ല. മികച്ച മറാത്തി ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പടെ മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ചിത്രം നേടിയതെന്നും 11 സംസ്ഥാന പുരസ്കാരങ്ങൾ ചിത്രം നേടിയിട്ടുണ്ടെന്നും ഗോവ, വെനീസ് ചലച്ചിത്രോത്സവങ്ങളിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചതെന്നും സന്ദീപ് പട്ടീൽ പ്രതികരിച്ചു.
ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്. വിവാദപരമായ ഉള്ളടക്കമുണ്ടെങ്കിൽ ചിത്രത്തിന് എങ്ങനെ ഇത്ര പുരസ്കാരങ്ങൾ ലഭിക്കും. ട്രെയ്ലറിലെ ചെറിയ പരമാർശത്തിന്‍റെ പേരിലാണ് ഒരു സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. അവരോട് റിലീസിന് മുമ്പ് തന്നെ ചിത്രം കാണാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കുകയാണ് ചെയ്തതെന്നും പട്ടീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
