പത്മാവതി: ദീപിക ഡച്ചുകാരിയെന്ന് സ്വാമി 

22:28 PM
14/11/2017
padmavatiswamy

സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയെ ചൊല്ലി വിവാദം മുറുകുന്നതിനിടെ പ്രതികരണവുമായി നടി ദീപിക പദുകോൺ. ഒരു രാഷ്ട്രം എന്ന നിലയിൽ എവിടെയാണ് നമ്മൾ എത്തിയിരിക്കുന്നത്. പിന്നോട്ടാണോ നമ്മുടെ യാത്രയെന്നും  ദീപിക ചോദിച്ചു. എന്നാൽ ദീപികയുടെ പരമാർശത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. ദീപിക ഇന്ത്യക്കാരിയല്ല, ഒരു ഡച്ച് പൗരയാണെന്നും സുബ്പഹ്മണ്യൻ സ്വാമി പറഞ്ഞു. 

കൂടാതെ ദീപികയെ വിമർശിച്ച് സ്വാമി ട്വീറ്റും പോസ്റ്റ് ചെയ്തു.  ദീപിക രാഷ്ട്രത്തിന്‍റെ അധ:പതനത്തെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ദീപികയുടെ കാഴ്ചപ്പാടിൽ നിന്ന് പിന്നോട്ടു പോയാൽ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവൂവെന്നും അദ്ദേഹം ട്വിറ്ററില് കുറിച്ചു. 

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സൂറത്തിൽ ചിത്രത്തിനെതിരെ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. അതേസമയം, ചിത്രത്തിന്‍റെ റിലീസിങ് തടയാനാകില്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്‌തമാക്കിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്‌.സി.) പരിഗണനയിലുള്ള വിഷയം പരിഗണിക്കില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. 

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

COMMENTS