എൻ.ടി.ആറിെൻറ മകൻ ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിെൻറ മകനും മുൻ എം.പിയുമായ നന്ദമൂരി ഹരികൃഷ്ണ (62) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചക്ക് തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടം. നെല്ലൂർ ജില്ലയിലെ കവാലിയിൽ വിവാഹത്തിൽ പെങ്കടുത്ത് ഹൈദരാബാദിലേക്ക് മടങ്ങവെ തെലുഗു സിനിമാ താരംകൂടിയായ ഹരികൃഷ്ണ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നർകാട്പള്ളിയിലെ കമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരികൃഷ്ണയാണ് കാർ ഒാടിച്ചതെന്നാണ് പൊലീസിെൻറ നിഗമനം. അപകടസമയത്ത് അദ്ദേഹം സീറ്റ്ബെൽറ്റ് അണിഞ്ഞിരുന്നില്ല. രാജ്യസഭ മുൻ എം.പിയായ ഹരികൃഷ്ണ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ ഭാര്യാ സഹോദരനും തെലുഗുദേശം പാർട്ടി (ടി.ഡി.പി) പോളിറ്റ് ബ്യൂറോ അംഗവുമാണ്.

1964ൽ ‘ശ്രീകൃഷ്ണാവതാരം’ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമ കരിയറിന് തുടക്കം കുറിച്ച അദ്ദേഹം ‘സീതയ്യ’, ‘ലഹിരി ലഹിരി ലഹിരിലോ’ എന്നിവയടക്കം നിരവധി പ്രമുഖ സിനിമകളിൽ വേഷമിട്ടു. മികച്ച സ്വഭാവ നടനുള്ള ആന്ധ്ര സർക്കാറിെൻറ നന്ദി അവാർഡും കരസ്ഥമാക്കി. 1996ൽ അവിഭക്ത ആന്ധ്രയിലെ ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ അംഗമായിരുന്ന ഹരികൃഷ്ണ 1998ൽ നായിഡുവിനോട് തെറ്റിപ്പിരിഞ്ഞ് അണ്ണാ ടി.ഡി.പി രൂപവത്കരിച്ചു.
പിന്നീട് അനുരഞ്ജനത്തിലായതിെന തുടർന്ന് മാതൃപാർട്ടിയിൽ മടങ്ങിയെത്തി. 2008ൽ അവിഭക്ത ആന്ധ്രപ്രദേശിൽനിന്ന് രാജ്യസഭയിലെത്തി. തെലങ്കാന രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ 2013ൽ ഹരികൃഷ്ണ രാജ്യസഭ അംഗത്വം രാജിവെക്കുകയായിരുന്നു.
പ്രമുഖ നടന്മാരായ ജൂനിയര്‍ എൻ.ടി.ആര്‍, നന്ദമൂരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍. 2014 ൽ റോഡ് അപകടത്തിലാണ് ഹരികൃഷ്ണയുടെ മറ്റൊരു മകനായ ജാനകി റാമും മരിച്ചത്.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
