കുഞ്ചാക്കോ ബോബന് നേരെ വധശ്രമം

16:01 PM
08/10/2018
Kunchakko Boban

നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനായി കണ്ണൂരിലേക്ക് പോകുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്‍റെ സമീപത്തെത്തി അസഭ്യ വര്‍ഷം നടത്തിയത്. തുടർന്ന് ഇയാള്‍ കയ്യില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാൽ ശബ്ദം കേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലെത്തിയ നടന്‍ പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതിപ്പെടുകയും ചെയ്തു. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യത്തില്‍നിന്ന് എറണാകുളം റെയില്‍വേ പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞു. അതേസമയം യുവാവ് മാനസിക വൈകല്യമുള്ളയാളാണെന്നും കേസെടുത്തിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

Loading...
COMMENTS