`മമ്മുക്ക വിളിച്ചു; ആ ആത്മവിശ്വാസം മതി ഇനി എന്തും നേരിടാൻ`
text_fieldsടെലിവിഷൻ പരിപാടിക്കിടെ മമ്മൂട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ആരാധകരുടെ സൈബർ ആക്രമണത്തിന് ഇരയായ നടിയാണ് അന്ന രാജൻ എന്ന ലിച്ചി. ആക്രമണം രൂക്ഷമായപ്പോൾ ഫേസ്ബുക്കിൽ ലൈവിൽ വന്ന് കരയുകയും മാപ്പ് പറയുകയും ചെയ്തു. പിന്നീട് ഇതായിരുന്നു ഫേസ്ബുക്കിലെ ചർച്ച. എന്തിനാണ് ലിച്ചി കരഞ്ഞതെന്നും മാപ്പു പറഞ്ഞതെന്നും ചോദിച്ച് നടി റീമ കല്ലിങ്കലും രംഗത്തെത്തി. എന്നാൽ, ഇതിനിടെ മമ്മൂട്ടി തന്നെ അന്നയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാനെന്ന് ലിച്ചി ഫേസ്ബുക്കിൽ കുറിച്ചു. ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കക്ക് നന്ദിയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിെന്‍റ പൂർണരൂപം
മമ്മുക്ക വിളിച്ചു!! സംസാരിച്ചു... ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ.
മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്... ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.
എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ എത്തിയതും... ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി...
നിങ്ങളുടെ സ്വന്തം,
ലിച്ചി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
