സെൻസർ ബോർഡ് പിന്തുടരുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ രീതികൾ –മാധബി മുഖർജി
text_fieldsതിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് ഇപ്പോഴും ബ്രിട്ടീഷ് ഭരണകാലത്തെ രീതിയാണ് തുടര്‍ന്നുവരുന്നതെന്ന് പ്രശസ്ത ബംഗാളി സിനിമതാരം മാധബി മുഖര്‍ജി. പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ഐ.എഫ്.എഫ്.കെയിൽ പ്രതികരിക്കുകയായിരുന്നു അവർ. ആശയാവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാവണം. അതിനു തടസ്സം നില്‍ക്കുന്നത് എന്താണെങ്കിലും അതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവണം. ബംഗാളി സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളസിനിമ വിശാലവും സ്വതന്ത്രവുമാണ്. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും സാധ്യമാണ് എന്ന് തെളിയിച്ച സിനിമ മേഖലയാണ് മലയാളത്തിലേത്.
ബംഗാളിലെ സിനിമ മേഖല പല തടസ്സങ്ങളും നേരിടുന്നുണ്ട്. ബംഗാളില്‍ ഇപ്പോള്‍ നാടകങ്ങള്‍ ഇല്ലെന്ന് പറയാം. സിനിമയാകട്ടെ, പണ്ടത്തേതുപോലെ സമകാലിക സാമൂഹികാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നുമില്ല. യാഥാസ്ഥിതിക ചിന്തകള്‍ വെച്ചുപുലര്‍ത്തിയിരുന്ന കുടുംബത്തില്‍നിന്ന് ഒരു സ്ത്രീയെന്ന നിലയില്‍ നാടകങ്ങളിലും സിനിമകളിലും അഭിനയിക്കാന്‍ ആദ്യകാലങ്ങളില്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. സമൂഹം ഒറ്റപ്പെടുത്തിയിട്ടുണ്ട്. അന്ന് അമ്മ നല്കിയ പിന്തുണകൊണ്ടു മാത്രമാണ് ഈ നിലയില്‍ എത്താന്‍ തനിക്ക് കഴിഞ്ഞതെന്നും മാധബി പറഞ്ഞു.
മാധബി മുഖര്‍ജിയെ ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനപോളും നടൻ പ്രകാശ്രാജിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനില്‍നിന്ന് ആഫ്രിക്കൻ സംവിധായകനും മന്ത്രിയുമായ മുഹമ്മദ് സാലെ ഹാറൂണ്‍ ഏറ്റുവാങ്ങി. ഡെയിലി ബുള്ളറ്റിന് ജൂറി ചെയർമാൻ മാര്‍ക്കോ മുള്ളര്‍ക്ക് നല്കി സംവിധായകൻ കെ.പി. കുമാരന് പ്രകാശനം ചെയ്തു.
മാധബി മുഖര്‍ജിയെക്കുറിച്ച് രാധിക സി.നായര്‍ എഴുതിയ പുസ്തകം ബംഗാളി ചലച്ചിത്ര പ്രവർത്തക അപര്‍ണ സെന്‍ നടി ഷീലക്ക് നല്കി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പ് കമലിൽനിന്ന് ഒാസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
