നടിയെ ആക്രമിച്ച കേസ്: മുഖ്യ സാക്ഷി ദിലീപിന് അനുകൂലമായി മൊഴി മാറ്റി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷി മൊഴി മാറ്റി. മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ നടി കാവ്യ മാധവെൻറ ഒാൺലൈൻ വസ്ത്രവ്യാപാര ശാലയായ ‘ലക്ഷ്യ’യിൽ വന്നിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയ ഇവിടത്തെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. മൊഴി മാറ്റാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനും സാക്ഷിക്കെതിരെ കേസെടുക്കാനുമാണ് പൊലീസ് നീക്കം.
ഒളിവിൽ കഴിയുന്നതിനിടെ പൾസർ സുനി ലക്ഷ്യയിലെത്തി ദിലീപിനെയും കാവ്യയെയും അന്വേഷിച്ചിരുന്നു എന്നാണ് ജീവനക്കാരൻ പൊലീസിന് നൽകിയ മൊഴി. ഇതിെൻറ അടിസ്ഥാനത്തിൽ ഇയാളെ കേസിലെ മുഖ്യസാക്ഷിയാക്കുകയും ചെയ്തു. എന്നാൽ, സുനി കടയിൽ വന്നതായി അറിയില്ലെന്നാണ് ജീവനക്കാരൻ ഒരു മാസം മുമ്പ് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴി. കഴിഞ്ഞദിവസം ഇതിെൻറ പകർപ്പ് കിട്ടിയപ്പോൾ മാത്രമാണ് മൊഴി മാറ്റിയ കാര്യം അന്വേഷണസംഘം അറിയുന്നത്. ദിലീപ് ജാമ്യത്തിൽ ഇറങ്ങുന്നതിന് മുമ്പാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
കാവ്യയുടെ ഡ്രൈവറുടെ ഫോണിൽനിന്ന്, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദിലീപിന് അനുകൂലമായി സാക്ഷിയെ സ്വാധീനിച്ച് മൊഴി മാറ്റിക്കാനായിരുന്നു ഇതെന്ന് പൊലീസ് സംശയിക്കുന്നു. ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാനിരിേക്ക, മുഖ്യസാക്ഷി മൊഴി മാറ്റിയത് കേസിനെ ബാധിക്കുമെന്നാണ് സൂചന.
കേസിലെ മറ്റൊരു പ്രതി ചാർളി പൊലീസിന് നൽകിയ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ആവർത്തിക്കാൻ തയാറായില്ല. നടിക്കെതിരായ ആക്രമണം ദിലീപ് നൽകിയ ക്വേട്ടഷനാണെന്ന് സുനി തന്നോട് പറഞ്ഞതായി ചാർളി പൊലീസിന് മൊഴി നൽകിയിരുന്നു. സുനിക്കും കൂട്ടുപ്രതിക്കും കോയമ്പത്തൂരിൽ ഒളിത്താവളമൊരുക്കിയത് ചാർളിയാണ്.