‘അമ്മ’യിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു
text_fieldsകൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ സംഘടനയുടെ നിലപാടും ദിലീപിനെ പുറത്താക്കിയതും സംബന്ധിച്ച് തർക്കം ഉടലെടുത്ത സാഹചര്യത്തിലാണിത്. നേതൃനിരയിൽനിന്ന് പ്രമുഖതാരങ്ങളെല്ലാം സ്വയം മാറുമെന്നാണ് സൂചന.
ദിലീപിനെ തൽക്കാലം സസ്പെൻഡ് ചെയ്ത് പ്രശ്നം ഒതുക്കാനുള്ള നേതൃത്വത്തിെൻറ നീക്കം യുവതാരനിരയാണ് പൊളിച്ചത്. എന്നാൽ, ഇൗ നടപടി തെറ്റായിപ്പോയി എന്ന് അഭിപ്രായപ്പെടുന്ന അംഗങ്ങളും സംഘടനയിലുണ്ട്. ദിലീപിനെ കോടതി ശിക്ഷിക്കും മുമ്പ് സംഘടന കൈയൊഴിഞ്ഞതിലാണ് പലർക്കും അമർഷം. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെങ്കിൽ തെളിയിക്കാൻ അവസരം നൽകണമെന്ന് നടൻ സിദ്ദീഖ് അഭിപ്രായപ്പെടുന്നു. എന്നാൽ, 10 വർഷമായി നിലകൊള്ളുന്ന നേതൃത്വം മാറണമെന്നും ചെറുപ്പക്കാർക്ക് അവസരം നൽകണമെന്നും നടൻ ബാബുരാജ് തുറന്നടിച്ചു. നടിയെ ആക്രമിച്ച വിഷയത്തിൽ സംഘടന ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യമായെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
നടിയും നടനും തമ്മിലെ പ്രശ്നം ‘അമ്മ’ മുൻകൈയെടുത്ത് പരിഹരിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ സിനിമയിലെ മുഴുവൻ പ്രശ്നങ്ങളും കുറ്റങ്ങളും ദിലീപിൽ ചുമത്തി പലരും കൈ കഴുകുകയാണ്. അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടത്. ഇക്കാര്യത്തിൽ സംഘടനക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.
അതേസമയം, നേതൃമാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടിെല്ലന്നും എല്ലാ കാര്യങ്ങളും അടുത്തദിവസം ചേരുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ തീരുമാനിക്കുമെന്നും നടി കുക്കു പരമേശ്വരൻ പറഞ്ഞു. ദിലീപിനെ പുറത്താക്കിയതിനെപ്പറ്റി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡൻറും പറഞ്ഞ നിലപാട് തന്നെയാണ് തേൻറതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
