കൂദാശ ’എക്സലന്‍റ് ത്രില്ലറെ’ന്ന് ജീത്തു ജോസഫ്

11:01 AM
09/01/2019
Koodasha

തിയേറ്ററുകളിൽ റിലീസ് ചെയ്ത് വലിയ ഒാളമുണ്ടാക്കാതെ പോയ നിരവധി ചിത്രങ്ങൾ പിന്നീട് ഡി.വി.ഡി പുറത്തിറങ്ങുമ്പോൾ പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ടൊവീനോയുടെ ഗപ്പി എന്ന ചിത്രം അത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ബാബുരാജിനെ നായകനാക്കി ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്ത കൂദാശയും ഡി.വി.ഡി ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. 

സംവിധായകൻ ജീത്തു ജോസഫും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. കൂദാശ മികച്ച ചിത്രമാണ്. ഡി.വി.ഡി എടുത്താണെങ്കിലും പ്രേക്ഷകർ കൂദാശ കാണണമെന്നും ജീത്തു ജോസഫ് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. 

ജീത്തു ജോസഫിന്‍റെ വാക്കുകൾ: 

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജോസഫ് എന്ന ചിത്രത്തെക്കുറിച്ചു പറയാനായി ഞാനെത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു ചിത്രത്തെക്കുറിച്ചു പറയാനാണ് വന്നത്. കൂദാശ. നിര്‍ഭാഗ്യവശാല്‍, ഈ ചിത്രം ഇപ്പോള്‍ തീയറ്ററുകളിലോടുന്നില്ല. എനിക്കും ഇത് തീയറ്ററില്‍ പോയി കാണാനുള്ള അവസരം എനിക്കുമുണ്ടായില്ല. ഡി.വി.ഡി എടുത്താണ് കണ്ടത്. അത്യാവശ്യം ത്രില്ലറുകള്‍ ചെയ്തിട്ടുള്ള ആളെന്ന നിലയില്‍ അത്തരം ചിത്രങ്ങള്‍ ഇഷ്ടമായതു കൊണ്ടും ഞാനതെടുത്തു കണ്ടതാണ്. ശരിക്കും ഞെട്ടിപ്പോയി. എനിക്കൊരു സങ്കടമാണ് നിങ്ങളോടു പറയാനുള്ളത്. ഈ ചിത്രം എഴുതി സംവിധാനം ചെയ്ത ഡിനോ തോമസിനെക്കുറിച്ചും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിനെക്കുറിച്ചും അറിയാന്‍ ശ്രമിക്കണം. ഡി.വി.ഡി എടുത്തെങ്കിലും ‘കൂദാശ’ കാണണം.

എല്ലാവര്‍ക്കും ഓരോ ഇമേജ് വന്നു വീഴും. നടനായാലും സംവിധായകനായാലും, സംഗീത സംവിധായകരായാലും, എഡിറ്റേഴ്സ് അങ്ങനെ എല്ലാവര്‍ക്കും അതു ബാധകമാണ്. ആ ഇമേജ് വച്ച് ആ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. കൂദാശ കണ്ടു കഴിഞ്ഞ സമയത്തെ ആ ഒരു മാനസികാവസ്ഥയിലാണ് ഞാന്‍ ഇതു പറയുന്നത്. ബാബുരാജ് എന്ന നടന്‍ സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചെയ്ത ഒരു സിനിമയായിട്ടാണ് തോന്നുന്നത്. 

ഒരുപക്ഷേ ഡിനു തോമസ് എന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം, തീയറ്ററില്‍ ചിത്രത്തിനു വലിയ സ്വീകാര്യത ലഭിക്കാതിരുന്നത്. അധികം തീയേറ്ററുകള്‍ കിട്ടിയില്ലെന്നും അറിയാന്‍ കഴിഞ്ഞു. ഇതൊരു എക്സലന്റ് ത്രില്ലറാണ്. സാമ്പത്തിക പ്രശ്നങ്ങളും മറ്റും മാറ്റി നിര്‍ത്തിയാല്‍ ഇതൊരു വെൽമേയ്ഡ് സിനിമയാണ്. അതിന്റെ സ്‌ക്രിപ്റ്റ്, സിനിമയ്ക്കു പിന്നിലെ ചിന്ത..ലോകത്തില്‍ ഇന്നേവരെ ആരു ചെയ്തിട്ടില്ല എന്നൊന്നും പറയുന്നില്ല. അതിമനോഹരമാണ്, edge of the seat ല്‍ ഇരുത്തുന്ന സംഭവമാണ്. അടുത്തതിങ്ങനെയാകും അങ്ങനെയാകും എന്നെല്ലാം anticipte ചെയ്യാറുണ്ട്. എന്നാല്‍ സിനിമയിലെ ഓരോ സീനും കാണുമ്പോള്‍ എന്റെ ചിന്തകളെയെല്ലാം മാറ്റിയും മറച്ചുമൊക്കെ കൊണ്ടു പോയൊരു സിനിമയാണിത്. അതൊരു എഴുത്തുകാരന്റെയും സംവിധായകന്റെയും കഴിവു തന്നെയാണ്.

ഞാനടക്കമുള്ള സമൂഹത്തിനു സംഭവിക്കുന്ന വലിയൊരു പിഴവുണ്ട്. പല ആര്‍ട്ടിസ്റ്റുകളെയും സൈഡ് ലൈന്‍ ചെയ്തു നിര്‍ത്തും. അങ്ങനെ സൈഡ് ലൈന്‍ ചെയ്യപ്പെടാന്‍ താത്പര്യമില്ലാത്തതു കൊണ്ടു തന്നെയാണ് ‘ഡിറ്റ്ക്ടീവ് ‘ തൊട്ടിങ്ങോട്ട് ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ ചെയ്തത്. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് മറ്റു പല കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒന്നാണ്. എനിക്കെന്തു കൊണ്ട് ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞില്ല എന്നു വരെ ചിന്തിച്ചു പോവുകയാണ്. ഈ ചിത്രത്തെപ്പറ്റി മുമ്പേ അറിഞ്ഞിരുന്ന എന്റെ ഭാര്യ എന്നോടു പറഞ്ഞു, സ്‌ക്രിപ്റ്റുമായി ഒരുപാട് ആര്‍ട്ടിസ്റ്റുകളെ സമീപിച്ചിരുന്നു. ഒടുവിലാണ് ബാബുരാജിനെക്കണ്ടതും സ്‌ക്രിപ്റ്റ് കേട്ട് ചെയ്യാമെന്ന് സമ്മതിച്ചതും.

ഇങ്ങനെയുള്ള നല്ല സംവിധായകര്‍ക്ക് ആര്‍ട്ടിസ്റ്റുകള്‍ക്കരികിലെത്താന്‍ ഒരു വേദി വേണമെന്ന് തോന്നാറുണ്ട്. കഴിവുള്ള നല്ല ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുന്നു. നല്ല കഥകളുമായി, അഭിനേതാക്കളെ ലഭിക്കാതെ. ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും ഒരു സംവിധാനം വേണമെന്നാണ് തോന്നുന്നുത്. ത്രില്ലര്‍ സിനിമകളിഷ്ടപ്പെടുന്നവര്‍ എന്‍ജോയ് ചെയ്യും ഈ ചിത്രം.’–ജീത്തു പറഞ്ഞു.

അതേസമയം ഡിനു തോമസ് ഈലാൻ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. നവാഗതനായ അജിത്ത് വി. തോമസ് ആണ് സംവിധായകൻ. ജീത്തു ജോസഫ്, സുജിത്ത് വാസുദേവ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു അജിത്ത്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. കൂദാശ പോലെ ത്രില്ലറാണ് ഈ സിനിമയും.


 

Loading...
COMMENTS