കെവിൻ മരിക്കുമ്പോൾ സാംസ്കാരിക നായകർ പ്രാർഥനാ ഗാനം എഴുതുകയായിരുന്നു -ജോയ് മാത്യു
text_fieldsകോഴിക്കോട്: കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഇടത് സർക്കാറിന്‍റെ പൊലീസിനെയും സംഭവത്തിൽ പ്രതികരിക്കാത്ത സാമൂഹിക നായകരെയും രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കെവിൻ മരിക്കുമ്പോൾ പൊലീസ് മന്ത്രി കേരളത്തിന് പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ജോയ് മാത്യു ഫേസ്ബുക്ക് കുറിച്ചു. കെവിന്‍റെ കൊലപാതകത്തിൽ സാംസ്കാരിക നായകന്മാർ പ്രതികരിച്ചാൽ വിവരമറിയുമെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്‍റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാസാംസ്കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാ ഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്‍റെ കൊലപാതകത്തെപ്പറ്റിയും പൊലീസിന്‍റെ അനാസ്‌ഥയെക്കുറിച്ചും ഈ സാംസ്കാരിക നായകന്മാർക്ക് പ്രതികരിക്കാൻ ഇപ്പോഴും പറ്റാത്തത്.
(പ്രതികരിച്ചാൽ വിവരമറിയും എന്നത് മറ്റൊരു കാര്യം) ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല. അതിനാൽ ഞാൻ എന്‍റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണ് നമുക്ക് പ്രാർഥനാഗാനം വേണം. പക്ഷെ ആരോടാണ് നാം പ്രാർഥിക്കേണ്ടത്?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
