പ്രളയ​ സഹായം: പാർവതിയു​െട പേരിൽ പോസ്​റ്റ്​; വ്യാജ അക്കൗണ്ടെന്ന്​ നടി

17:32 PM
11/08/2019
fake-post-of-actress-parvathi

കോഴിക്കോട്​: നടി പാർവതി തിരുവോത്തിൻെറ പേരിൽ ഭിന്നിപ്പ്​ സൃഷ്​ടിക്കുന്ന തരത്തിൽ ഫേസ്​ബുക്ക്​ പോസ്​റ്റ്​. വടക്കൻ കേരളത്തിലുണ്ടായ ദുരിതത്തിൽ മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തെക്കൻ കേരളത്തിലുള്ളവർ ആലോചിച്ചു നിൽക്കാതെ ഉണർന്നു പ്രവർത്തിക്കണമെന്ന്​ ആവശ്യപ്പെടുന്നതാണ്​ പോസ്​റ്റ്​. പാർവതി ടി.കെ എന്ന അക്കൗണ്ടിലാണ്​​​ പോസ്​റ്റ്​ പ്രത്യക്ഷപ്പെട്ടത്​. 

കഴിഞ്ഞ വർഷം തെക്കൻ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ കോഴിക്കോട്​, വയനാട്​, മലപ്പുറം ജില്ലകളിൽ നിന്ന്​ അവശ്യ സാധനങ്ങളുമായി ആളുകളെത്തി വീടുകളിലെ ചളി വൃത്തിയാക്കിയ ശേഷമാണ്​ മടങ്ങിയതെന്നും പല ക്യാമ്പുകളിലും മതിയായ വസ്​ത്രമോ ഭക്ഷണമോ ഇല്ലെന്നും തെക്കൻ കേരളത്തിലുള്ളവർ ആലോചിച്ച്​ നിൽക്കാതെ ഉണർന്ന്​ പ്രവർത്തിക്കണമെന്നുമായിരുന്നു പോസ്​റ്റ്​. ഇപ്പോഴല്ലാതെ എപ്പോഴാണ്​ നിങ്ങൾ സഹായിക്കുകയെന്നും തെക്കൻ കേരളത്തിലുള്ളവരോടെന്ന തരത്തിൽ പോസ്​റ്റിൽ ചോദിക്കുന്നുണ്ട്​.

എന്നാൽ അതൊരു വ്യാജ അക്കൗണ്ട്​​ ആണെന്ന്​ വ്യക്തമാക്കിക്കൊണ്ട്​ നടി രംഗത്തെത്തി. നമ്മുടെ നാട് വീണ്ടുമൊരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ത​േൻറതെന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകളിടുന്നത് ശ്രദ്ധയിൽ പെട്ടതെന്ന്​ പാർവതി അഭിപ്രായപ്പെട്ടു. വ്യാജ പേജുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.

തെറ്റായതും വ്യാജമായതുമായ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ച്​ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാമെന്നും ഒരിക്കൽ കൂടി ഒരുമിച്ച് അതിജീവിക്കാമെന്നും പാർവതി വ്യക്തമാക്കി.

Loading...
COMMENTS