ശമ്പളം മുൻകൂറായി നൽകി; ജോലിക്കാരെ കണ്ടറിഞ്ഞ് സഹായിച്ച് ജൂനിയർ എൻ.ടി.ആർ
text_fieldsഹൈദരാബാദ്: ലോക്ഡൗൺ മൂലം ദുരിതത്തിലായ തൻെറ വീട്ടിലെയും ഓഫിസിലെയും ജീവനക്കാരെ കണ്ടറിഞ്ഞ് സഹായിച്ച് തെലുഗു സൂപ്പർ താരം ജൂനിയർ എൻ.ടി.ആർ. ജോലിക്കാരുടെ ശമ്പളം മുൻകൂറായി നൽകിയ താരം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ചോദിക്കാൻ മടിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണെന്ന് താരവുമായി അടുത്ത് ബന്ധമുള്ള വ്യക്തി ദേശീയ മാധ്യമത്തോട് പറഞ്ഞു.
മാർച്ചിൽ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം വീതം സംഭാവന നൽകിയ എൻ.ടി.ആർ തെലുഗു ചലച്ചിത്ര ലോകത്തെ സഹായിക്കാൻ 25 ലക്ഷവും നീക്കിവെച്ചിരുന്നു.
താരം ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ എസ്.എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർ.ആർ.ആറിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. മറ്റൊരു സൂപ്പർ താരമായ രാംചരൺ എൻ.ടി.ആറിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നത്. ഷൂട്ടിങ്ങിൽ കാലതാമസം നേരിട്ടതോടെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻെറ റിലീസിങ് നീളുമെന്നാണ് റിപ്പോർട്ട്. 2021 ജനുവരി എട്ടിനായിരുന്നു ചിത്രം തിയറ്ററിലെത്താനിരുന്നത്.
