Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2016 8:50 PM IST Updated On
date_range 8 Dec 2017 12:41 AM ISTഅതിജീവനത്തിന്‍െറ കഥ പറഞ്ഞ് സിനിമകള്‍
text_fieldsbookmark_border
തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡും സദാചാരവാദികളുമൊരുക്കിയ വേലിക്കെട്ടുകളില്‍നിന്ന് രക്ഷപ്പെട്ട് ചലച്ചിത്രോത്സവത്തില്‍ അവസാനനിമിഷം പ്രദര്‍ശനാനുമതി ലഭിച്ച ജയന്‍ ചെറിയാന്‍െറ ‘കാ ബോഡിസ്കേപ്സ്’ ആറാംദിനത്തില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കപ്പട്ടത്. ടാഗോര്‍ തിയറ്ററില്‍ നിലത്തിരുന്നും നിന്നും സിനിമ കണ്ടവര്‍ സര്‍ഗാത്മകതക്ക് വിലങ്ങിടുന്നതിനെതിരെയുള്ള അടയാളമായി. സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന ഫാഷിസത്തിനെതിരെയുള്ള പോരാട്ടങ്ങളും ലിംഗസമത്വത്തിനും ശരീരത്തിന്‍െറ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുമായുള്ള നവസമരങ്ങളും ഈ ചിത്രത്തില്‍ ദൃശ്യമാകുന്നു.
ലണ്ടന്‍ എല്‍.ജി.ബി.ടി ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച് കൈയടിനേടിയ ചിത്രമാണിത്. സ്വവര്‍ഗാനുരാഗിയായ ചിത്രകാരനിലൂടെ ഒരു കലാകാരന്‍ സമൂഹത്തില്‍നിന്ന് നേരിടുന്ന വെല്ലുവിളികളാണ് ചിത്രം പറയുന്നത്. മുഖ്യധാര അവഗണിച്ച ജനകീയസമരങ്ങളില്‍ പങ്കെടുക്കുന്ന സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ചിലര്‍ അഭിനേതാക്കളായി എത്തിയ ചിത്രം സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കളുടെയും മുസ്ലിം കുടുംബപശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെയും കഥയാണ് പറയുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം, ‘അയാം എ ഗേയ്’ എന്ന പുസ്കത്തിന്‍െറ പുറംചട്ടയില്‍ ഹനുമാനെ ചിത്രീകരിച്ചത്, സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചത് എല്ലാം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചത്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പലായനം ചെയ്യപ്പെട്ടവരുടെയും പൊള്ളിക്കുന്ന കഥകള്‍ ആറാംദിവസം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. ഉദ്ഘാടന ചിത്രമായ പാര്‍ട്ടിങ്, ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങളായ ബീങ് 17, റാറ, ഫയര്‍ അറ്റ് സീ, ബറാഖ മീറ്റ്സ് ബറാഖ, ഹിഡന്‍ അജണ്ട, സ്വീറ്റ് ഡ്രീംസ്, ദ കഴ്സ്ഡ് വണ്‍സ് തുടങ്ങിയവയുടെ അവസാന പ്രദര്‍ശനമായിരുന്നു ഇന്നലെ. മേളയിലെ പ്രിയപ്പെട്ട ചിത്രങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ തിയറ്ററുകളിലേക്ക് ഡെലിഗേറ്റുകളുടെ ഒഴുക്കായിരുന്നു.
മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ ഇടത്താവളമായ ലാംപിഡൂസ ദ്വീപിലെ അഭയാര്‍ഥികളുടെ ജീവിതം പറയുകയാണ് ഇറ്റാലിയന്‍ ചിത്രമായ ‘ഫയര്‍ അറ്റ് സീ’. ഇറ്റലിയിലെ സിസിലയില്‍നിന്ന് 150 മൈല്‍ തെക്കുള്ള ദ്വീപില്‍ മാസങ്ങളോളം താമസിച്ചാണ് സംവിധായകന്‍ ജിയാന്‍ ഫ്രാങ്കോ റോസി കുടിയേറ്റപ്രതിസന്ധിയുടെ നേര്‍ക്കാഴ്ചകള്‍ ദൃശ്യവത്കരിച്ചത്.
ഉദ്ഘാടനചിത്രമായ പാര്‍ട്ടിങ് പ്രദര്‍ശിപ്പിച്ച കൈരളി തിയറ്റില്‍ മൂന്ന് മണിക്കുള്ള പ്രദര്‍ശനത്തിന് ഒന്നരമുതലേ നീണ്ടനിരയായിരുന്നു. സിങ്കപ്പൂര്‍ ചിത്രമായ ‘ദ റിട്ടേണ്‍’ ദീര്‍ഘകാലത്തെ രാഷ്ട്രീയ ജയില്‍വാസത്തിന് ശേഷം ജയില്‍മോചിതനാകുന്നയാളുടെ ജീവിതമാണ് പറയുന്നത്. നീണ്ടകാലത്തിന് ശേഷം കുടുംബവുമായുള്ള ജീവിതം ഉണ്ടാക്കുന്ന പൊരുത്തക്കേടുകളാണ് പ്രമേയം. ഇറാനിയന്‍ ചിത്രമായ ‘വെയര്‍ ആര്‍ മൈ ഷൂസ്’ അള്‍ഷിമേഴ്സ് രോഗിയായ വൃദ്ധനെ ഉപേക്ഷിച്ചുപോയ കുടുംബത്തില്‍ നിന്ന് മകള്‍ അയാളെ തേടിയത്തെുന്ന കഥ പറയുന്നു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സൈബല്‍ മിത്രയുടെ ‘ദ ലാസ്റ്റ് മ്യൂറല്‍’ കലയും കച്ചവടവും തമ്മിലുള്ള സംഘര്‍ഷമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കെ.എം. കമലിന്‍െറ ഐ.ഡി, കെ.എസ്. സേതുമാധവന്‍െറ പുനര്‍ജന്മം, കലാഭവന്‍ മണിക്ക് ആദരമര്‍പ്പിച്ച് ആയിരത്തില്‍ ഒരുവന്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും അരവിന്ദന്‍ സ്മാരക പ്രഭാഷണവും നടന്നു. അതേസമയം, കലാഭവന്‍ മണിയുടെ കുടുംബത്തെ അക്കാദമി അവഗണിച്ചെന്നാരോപിച്ച് മാക്ട ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ കൈരളി തിയറ്ററിലേക്ക് മാര്‍ച്ച് നടത്തി.
ദേശീയഗാന വിവാദം ഇന്നലെയും തിയറ്ററുകളില്‍ അലയടിച്ചു. തിയറ്ററുകള്‍ക്കുള്ളില്‍ പൊലീസ് സാന്നിധ്യവുമുണ്ടായിരുന്നു. അക്കാദമി ചെയര്‍മാന്‍ കമലിന്‍െറ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ചലച്ചിത്രമേളയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ മാര്‍ച്ചും ആറാം നാളില്‍ ചര്‍ച്ചയായി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കലാഭവന്‍െറ മുന്നില്‍ കമലിന്‍െറ കോലംകത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
