വിലാപങ്ങള്‍ക്കപ്പുറം ഇവര്‍ക്കും ചിലത് പറയാനുണ്ട്...
text_fieldsതിരുവനന്തപുരം: 21ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരത്തില്‍ മുത്തമിടാന്‍ മത്സരിക്കുന്ന 14 ചിത്രങ്ങളില്‍ രണ്ടെണ്ണം മലയാളികളുടേതാണ്. ‘കാട് പൂക്കുന്നനേര’വുമായി ഡോ. ബിജുവും ‘മാന്‍ഹോളി’ലൂടെ നവാഗത സംവിധായിക വിധു വിന്‍സന്‍റുമാണ് മത്സരരംഗത്തുള്ളത്. ഇരുവരും ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
ഡോ. ബിജു: പഴയപോലെ നല്ല സിനികള്‍ മലയാളത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ളെന്ന ചിലരുടെ അഭിപ്രായം സാംസ്കാരിക കപടതയാണ്. ‘പേരറിയാത്തവര്‍’ എന്ന സിനിമക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ കേരളത്തിലെ എല്ലാ ചാനലുകളും എന്നെ അഭിമുഖത്തിന് പിടിച്ചുവലിച്ചാണ് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ഇന്നുവരെ ഒരു ചാനലും ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്നില്ല. ഈ ചാനലുകളിലേക്ക് ഞാന്‍ സിനിമയുമായി പോയപ്പോള്‍ അവര്‍ പറഞ്ഞത് ‘നിങ്ങളുടേത് നല്ല സിനിമയാണ്. പക്ഷേ, ഞങ്ങള്‍ക്ക് വേണ്ട’ എന്നായിരുന്നു. നല്ലത് വേണ്ട, ചീത്ത മതി എന്ന് പറയുന്നത് എന്തു സംസ്കാരമാണ്? പിന്നെ അന്വേഷിക്കുന്നത് താരങ്ങളെയാണ്. പുതുതലമുറയിലെ എത്ര സമാന്തര സിനിമാ സംവിധായകരെയാണ് താരങ്ങളും നിര്‍മാതാക്കളും വളര്‍ത്തിയിട്ടുള്ളത്?

വിധു വിന്‍സന്‍റ്:
ബിജു പറഞ്ഞത് ശരിയാണ്. അച്ഛന്‍െറ പെന്‍ഷന്‍ പണം ഇല്ലായിരുന്നെങ്കില്‍ മാന്‍ഹോള്‍ ഉണ്ടാകുമായിരുന്നില്ല. ഇന്ന് ഏത് മാതാപിതാക്കളാണ് മകള്‍ക്ക് സ്ത്രീധനം അല്ലാതെ സിനിമയെടുക്കാനായി 15 ലക്ഷം രൂപ കൊടുക്കുക. തിരക്കഥയുമായി സമീപിക്കുമ്പോള്‍ പലര്‍ക്കും അറിയേണ്ടത് അതിന്‍െറ മാര്‍ക്കറ്റ് വിലയാണ്. എന്‍െറ സിനിമ എന്‍െറ രാഷ്ട്രീയമാണ്. അതിനെ വിലപറഞ്ഞ് വില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഒരുപക്ഷേ, താരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഈ സിനിമക്ക് തിയറ്ററില്‍ കലക്ഷന്‍ കിട്ടില്ലായിരിക്കാം. എന്നാലും എനിക്ക് ഈ ലോകത്തോട് ചിലത് പറഞ്ഞേ പറ്റൂ. അത് വിജയിച്ചാലും ഇല്ളെങ്കിലും. നല്ല സിനിമകള്‍ ഉണ്ടാകണമെങ്കില്‍ അതിനോട് താല്‍പര്യമുള്ള താരങ്ങളും മുന്നോട്ടുവരണം.
ബിജു:
താരങ്ങള്‍ക്കുവേണ്ടി ഒരിക്കലും പ്രമേയത്തോട് വിട്ടുവീഴ്ചകാട്ടാന്‍ പാടില്ല. വിപ്ളവകരമായ വിഷയങ്ങള്‍ സിനിമയില്‍ കൈകാര്യം ചെയ്യാന്‍ തയാറാവുന്നില്ളെങ്കില്‍, പുതിയ ആഖ്യാനങ്ങളും പരീക്ഷണങ്ങളും നടത്താന്‍ മുതിരുന്നില്ളെങ്കില്‍ സിനിമ വീണ്ടും പഴയ പാതകളിലൂടെതന്നെ സഞ്ചരിക്കും. പരസ്പരം കുറ്റംപറഞ്ഞ്, മുമ്പേ പോയവരുടെ കാലടികള്‍ മാത്രം പിന്തുടര്‍ന്ന് സ്വപ്നം കാണാന്‍പോലും ശേഷിയില്ലാത്തവരായി നാം മാറും. മാസ്റ്റേഴ്സിന്‍െറ സിനിമകള്‍ മാത്രമല്ലല്ളോ ലോകം കാണുന്നത്. എന്‍െറ ചിത്രങ്ങള്‍ മാറ്റിവെക്കാം. ജയന്‍ ചെറിയാന്‍, സിദ്ധാര്‍ഥ് ശിവ, ശാലിനി, മോഹന്‍ രാഘവന്‍ എന്നിവര്‍ വിവിധ ലോകമേളകളില്‍ വന്നില്ളേ? ബിംബങ്ങള്‍ ഉടയരുതെന്ന് ആരൊക്കെയോ കരുതുന്നുണ്ട്. അടൂരും ടി.വി. ചന്ദ്രനും ഷാജി എന്‍. കരുണും കഴിഞ്ഞാല്‍ മലയാള സിനിമ അവസാനിച്ചുവെന്ന ധാരണ ശരിയല്ല.
വിധു:
ബിജുവിനെ പലരും വഴക്കാളിയായാണ് കാണുന്നത്. പക്ഷേ, കുറഞ്ഞ മാസംകൊണ്ട് എനിക്ക് മനസ്സിലായി വഴക്കുണ്ടാക്കിയാല്‍ മാത്രമേ ഈ മേഖലയില്‍ നില്‍ക്കാന്‍ സാധിക്കൂവെന്ന്. അത്രത്തോളം സവര്‍ണത ഈ മേഖലയിലുണ്ട്. മലയാള സിനിമയില്‍ ലൈറ്റ് യൂനിറ്റ്, മേക്കപ്പ്, തയ്യല്‍, ശുചീകരണം, കാമറ അസിസ്റ്റന്‍റ് മേഖലകളില്‍ മാത്രമേ ദലിതരെ കാണാന്‍ സാധിക്കൂ. എന്നിട്ടും ബിജുവിനെ പോലൊരു സംവിധായകന്‍ മലയാളത്തില്‍ ഉയര്‍ന്നുവന്നു. തുടര്‍ച്ചയായ സിനിമകള്‍ എടുക്കുന്നു. എങ്ങനെ ഇതിനു കഴിയുന്നു?

ബിജു:
സിനിമയില്‍ ജാതിയില്ളെന്ന് പറയുമ്പോഴും അതിന്‍െറ സൂക്ഷ്മാംശങ്ങളില്‍ അവ ഇപ്പോഴും നിലനില്‍ക്കുന്നു. ചലച്ചിത്രമേളയിലെ സിനിമകളിലൂടെ സിനിമ പഠിച്ചവനാണ് ഞാന്‍. ഞാന്‍ ജൂറിഅംഗമായ സമിതി തന്‍െറ സിനിമക്ക് പുരസ്കാരം നല്‍കിയില്ളെന്ന് ആരോപിച്ച് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ എന്നെ ഫോണില്‍ വിളിച്ച് ജാതീയമായി അധിക്ഷേപിച്ചു. ആ വ്യക്തി പിന്നീട് ജാതിയില്ല വിളംബരത്തിന്‍െറ തലതൊട്ടപ്പനായി നടക്കുന്നതും കണ്ടു. കേരളത്തെ രണ്ടായി പകുത്താല്‍ അതില്‍ ഒരു പകുതിയില്‍ സ്ത്രീകളും ദലിതരും മാത്രമായിരിക്കും. ഇവര്‍ അനുഭവിക്കുന്ന മൂന്നാംകിട പൗരത്വമുണ്ട്. 21 വര്‍ഷം വേണ്ടിവന്നു കേരളത്തില്‍ ഒരു സ്ത്രീ സംവിധായികയുടെ ചിത്രം മത്സരവിഭാഗത്തില്‍ വരാന്‍. പുരോഗമന ചിന്തകളുള്ള കേരളത്തില്‍ ഇത് ചെറിയൊരു കാലയളവല്ല. സിനിമ എന്നത് റിസര്‍വേഷന്‍ കാറ്റഗറിയില്‍ ചിന്തിക്കേണ്ടതാണോ എന്നൊക്കെ ചോദ്യങ്ങള്‍ ഉണ്ടാകും. അപ്പോഴും നമ്മള്‍ ചിന്തിക്കേണ്ടത് എന്തുകൊണ്ട് ഉന്നതജാതിയില്‍പ്പെട്ടവരില്‍നിന്ന് മാത്രം സിനിമ ഉണ്ടാകുന്നുവെന്നതാണ്. കച്ചവട സിനിമകളെ മാറ്റിനിര്‍ത്താം. എന്തുകൊണ്ട് സ്ത്രീപക്ഷത്തുനിന്ന് നല്ല സമാന്തര സിനിമകള്‍ ഉണ്ടാകുന്നില്ല?
വിധു:
സ്ത്രീകളെ ഈ മേഖലയില്‍ ആരും നിരുത്സാഹപ്പെടുത്താറില്ല. സ്ത്രീകള്‍ വരുന്നില്ല എന്നതാണ് സത്യം. എന്തുകൊണ്ട് വരുന്നില്ളെന്നതാണ് ചോദ്യം. ഞാന്‍ ഇപ്പോള്‍ മൂന്നുനാല് മാസമായി എന്‍െറ മകളെ കണ്ടിട്ട്. ഈ മാസങ്ങളില്‍ എന്‍െറ ഭക്ഷണവും ചിന്തയും സിനിമതന്നെയാണ്. ഇങ്ങനെ ജീവിക്കാന്‍ കഴിയുന്ന എത്ര സ്ത്രീകളുണ്ട് കേരളത്തില്‍. ആ ചുറ്റുപാടാണോ നമ്മള്‍ അവര്‍ക്കായി ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. വ്യത്യസ്തമായ ജോലി സ്വീകരിക്കാനും അരക്ഷിതാവസ്ഥകള്‍ കൈകാര്യംചെയ്യാനും പ്രതിസന്ധികളെ അഭിമുഖീകരിക്കാനും നമ്മള്‍ പെണ്‍കുട്ടികളെ അനുവദിക്കുന്നില്ല. എന്നിട്ട് വേണമല്ളോ മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കാന്‍?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
