ഇനി സിനിമ പൂക്കുന്ന നേരം
text_fieldsതിരുവനന്തപുരം: സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ തിരശ്ശീലയിലേക്ക് പറിച്ചുനട്ട് 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച നിശാഗന്ധിയിൽ തുടക്കമാകും. ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങും കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അർപ്പിക്കും. മുഖ്യാതിഥികളായി ബംഗാളി നടി മാധവി മുഖർജിയും നടൻ പ്രകാശ് രാജും പങ്കെടുക്കും.
ആറുമണിയോടെ അറബ് രാജ്യങ്ങളിലെ അഭയാർഥികളുടെ പിന്നാമ്പുറ ജീവിതങ്ങളെ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന സിയാദ് ദുയെരിയുടെ ‘ഇൻസൾട്ട്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ അഞ്ചു തിയറ്ററുകളിലായി 15 ചിത്രങ്ങളുടെ പ്രദർശനവും നടക്കും. 65 രാജ്യങ്ങളിൽനിന്ന് 190 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്.
മത്സരവിഭാഗത്തിൽ രണ്ട് മലയാള സിനിമകളുൾപ്പെടെ 14 ചിത്രങ്ങളാണുള്ളത്. പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടുപേർ’, സഞ്ജു സുരേന്ദ്രെൻറ ‘ഏദൻ’ എന്നിവയാണ് സുവർണ ചകോരത്തിനായി ലോകസിനിമകളോട് പൊരുതുന്ന മലയാള ചിത്രങ്ങൾ. ഇന്ത്യൻ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ്, റെേട്രാസ്പെക്ടീവ്, ഐഡൻറിറ്റി ആൻഡ് സ്പേസ് തുടങ്ങി 20 വിഭാഗങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുക. ചലച്ചിത്രലോകത്തോട് വിടപറഞ്ഞ കെ.ആർ. മോഹനൻ, ഐ.വി. ശശി, കുന്ദൻ ഷാ, ഓംപുരി, ജയലളിത തുടങ്ങിയവർക്കുള്ള ശ്രദ്ധാഞ്ജലിയായി ഹോമേജ് വിഭാഗവും മേളയിലുണ്ട്.
അർധരാത്രിയിലെ ഹൊറർ ചിത്രപ്രദർശനം ഇത്തവണത്തെ പ്രത്യേകതയാണ്. 11ന് രാത്രി 12നാണ് കാണികൾക്ക് ഹൊറർ ചിത്രാസ്വാദനത്തിെൻറ എല്ലാ ഭയാനതകളും സമ്മാനിച്ച് ഇന്ത്യോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ് നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നത്. 11,000 പാസുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്.
വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിനോണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം. മേളയുടെ അവസാനദിവസമായ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. മാർക്കോ മുള്ളറാണ് ജൂറി ചെയർമാൻ. സംവിധായകൻ ടി.വി. ചന്ദ്രൻ, കൊളംബിയൻ നടൻ മർലൻ മൊറീനോ, ഫ്രഞ്ച് എഡിറ്റർ മേരി സ്റ്റീഫൻ, ആഫ്രിക്കൻ ചലച്ചിത്ര പണ്ഡിതൻ അബൂബക്കർ സനാഗോ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.
ചലച്ചിത്രോത്സവം നടക്കുന്ന തിയറ്ററുകളെല്ലാം ഗ്രീൻപ്രോട്ടോകോളിലായിരിക്കും. വനിത ഡെലിഗേറ്റുകളുടെ സുരക്ഷ കണക്കിലെടുത്ത് വൻ സുരക്ഷ സജ്ജീകരണങ്ങളാണ് സിറ്റി പൊലീസ് ഒരുക്കിയിരിക്കുന്നത്. തിയറ്റർ പരിസരത്തും റോഡുകളിലും താൽക്കാലിക സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. വനിത ഷാഡോയും പിങ്ക് പൊലീസിനും പുറമെ മുപ്പതോളം വനിത വളൻറിയർമാരും തിയറ്ററുകളിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
