ലോകം തിരശ്ശീലയിൽ തെളിഞ്ഞു
text_fieldsതിരുവനന്തപുരം: ലോകം തിരശ്ശീലയിൽ തെളിയുന്നത് കാണാൻ അനന്തപുരിയിലേക്ക് സിനിമ പ്രേമികൾ ഒഴുകി. ഇനി ഏഴുദിവസം സിനിമയുടെ പൂക്കാലം. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനദിനം തന്നെ പ്രധാനവേദിയായ ടാഗോർ തിയറ്റർ സജീവമായിരുന്നു. രാവിലെ 10 മുതൽ കൈരളി, ശ്രീ, നിള, ടാഗോർ, കലാഭവൻ തിയറ്ററുകളിലായി നടന്ന പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിയത്. ഉദ്ഘാടന ചിത്രമായ ദ ഇൻസൾട്ട് അടക്കം 16 ചിത്രങ്ങളാണ് വെള്ളിയാഴ്ച പ്രദർശിപ്പിച്ചത്. ഈ വർഷം പൊതുജനങ്ങൾക്കും ഉദ്ഘാടനചിത്രം കാണാൻ സംസ്ഥാന ചലച്ചിത്ര അക്കാദമി അവസരമൊരുക്കി.
കഴിഞ്ഞ രണ്ടുവർഷമായി ഡെലിഗേറ്റുകൾക്ക് മാത്രമായിരുന്നു നിശാഗന്ധിയിൽ ഉദ്ഘാടന ചിത്രം കാണാൻ അവസരമുണ്ടായിരുന്നത്. ചലച്ചിത്രോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് നിശാഗന്ധിയുള്‍പ്പെടെ 14 തിയറ്ററുകളിലായി 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജൻറീനിയന്‍ ചിത്രം സിംഫണി ഫോര്‍ അന, സെമിഹ് കപ്ലനോഗ്ലുവിന്റെ ടര്‍ക്കിഷ് ചിത്രം ഗ്രെയ്ന്‍ എന്നിവ ടാഗോര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും. അങ്കമാലി ഡയറീസ്, കറുത്ത ജൂതന് എന്നിവയാണ് മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. ഓപൺഫോറം, സെമിനാറുകൾ എന്നിവയും ശനിയാഴ്ച മുതൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
