സെക്സി ദുർഗയും ന്യൂഡും ഒഴിവാക്കി; ഐ.എഫ്.എഫ്.ഐ ജൂറി തലവൻ രാജിവെച്ചു

13:42 PM
14/11/2017
Sujoy-ghosh

ന്യൂഡൽഹി: അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ നിന്നും പാനലിന്‍റെ അനുമതിയില്ലാതെ ചിത്രങ്ങൾ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജൂറി തലവൻ രാജിവെച്ചു.  മലയാളിയായ സനൽകുമാർ ശശിധരന്‍റെ സെക്സി ദുർഗ, രവി ജാദവിന്‍റെ മറാത്തി സിനിമയായ ന്യൂഡ് എന്നീ സിനിമകളാണ് 13അംഗ ജൂറിയുടെ അനുമതിയില്ലാതെ പിൻവലിച്ചതെന്നാണ് സുജോയ് ഘോഷിന്‍റെ ആരോപണം. കഹാനി, കഹാനി 2, അഹല്യ, റാണി സിങ് എന്നീ സിനിമകളുടെ സംവിധായകനാണ് സുജോയ് ഘോഷ്. നവംബർ 20 മുതൽ 28വരെ ഗോവയിൽ അരങ്ങേറുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പട്ടിക ഈ മാസം ഒൻപതിനാണ് പുറത്തുവിട്ടത്.

'കണ്ടപെററി സിനിമ വിഭാഗത്തിലെ ഏറ്റവും ശക്തമായ രണ്ടു സിനിമകളായിരുന്നു ന്യൂഡും സെക്സി ദുർഗയും. ഇന്ത്യയിലെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ ഏറ്റവും നന്നായി പ്രതിപാദിക്കുന്ന സിനിമകളായിരുന്നു അവ' എന്ന്  ജൂറി മെമ്പർമാരിലൊരാളായ അപുർവ അസ്രാനി പട്ടിക പുറത്തുവിട്ടയുടൻ ട്വിറ്ററിൽ കുറിച്ചിരുന്നു. സിനിമകൾ കണ്ട് വിലയിരുത്തിയ ശേഷം ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്തതായിരുന്നു ഈ രണ്ട് ചിത്രങ്ങളും.

കൺഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ ഒരു സമൂഹം എത്രമാത്രം ഭീഷണിപ്പെടുത്തുമെന്നാണ് സനൽകുമാർ ശശിധരൻ സെക്സി ദുർഗയിലൂടെ പറയാൻ ശ്രമിക്കുന്നത്. മുംബൈ നഗരത്തിലെ ഒരു നഗ്ന മോഡൽ നേരിടുന്ന ദുരനുഭവങ്ങളും പ്രയത്നങ്ങളുമാണ് ന്യൂഡിന്‍റെപ്രതിപാദ്യം. ജൂറിയുടെ തീരുമാനത്തോടെ എന്‍റെ സിനിമ തെരഞ്ഞടുക്കപ്പെട്ടു എന്നാണ് ഞാൻ കരുതിയത്. പത്രം വായിച്ചപ്പോൾ നിരാശ തോന്നി. ജൂറിയുടെ തീരുമാനങ്ങളാണ് അന്തിമമെന്നാണ് ഞാൻ കരുതുന്നത്. അതിനുശേഷം മന്ത്രിയുടെ ഓഫിസ് ഇടപെട്ട് തീരുമാനം മാറ്റുന്നതിന് മുൻപ് ജൂറിയെ അറിയിക്കേണ്ട ഉത്തരവാദിത്തമെങ്കിലും കാണിക്കണമായിരുന്നു- രവി ജാദവ് പറഞ്ഞു.

ഇത് നേരത്തേ പ്രതീക്ഷിച്ചിരുന്നു എന്നാണ് സനൽകുമാർ പ്രതികരിച്ചത്. അവർക്ക് ആദ്യം മുതലേ എന്‍റെ സിനിമയുടെ പേരിനോട് താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് സെക്സി ദുർഗ എന്ന പേര് എസ്. ദുർഗയാക്കി മാറ്റിയത്. വിവാദം അവിടെ അവസാനിക്കേണ്ടതായിരുന്നു. അവരുടെ പ്രശ്നം എന്‍റെ സിനിമയുടെ ഉള്ളടക്കമായിരുന്നു- സനൽകുമാർ പറഞ്ഞു.

 

COMMENTS