നല്ല സിനിമകളെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് സംവിധായകര്‍
text_fieldsപനജി: നല്ല സിനിമകള്‍ പോപ്പുലര്‍ ആകുന്നില്ല, പോപ്പുലര്‍ സിനിമകളാകട്ടെ നന്നാകുന്നുമില്ല. ഗോവയില്‍ ആരംഭിച്ച 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ചര്‍ച്ചവേദിയില്‍ ഉയര്‍ന്ന ഈ പരാതി പ്രശസ്ത ബംഗാളി സംവിധായകനായ അനിരുദ്ധ റോയ് ചൗധരിയുടേതാണ്. സമീപകാലത്ത് ഏറെ നിരൂപക ശ്രദ്ധ നേടിയ ഹിന്ദി ചിത്രം ‘പിങ്ക്’ സംവിധായകനാണ് അനിരുദ്ധ. മേളയുടെ ഭാഗമായി പ്രത്യേകം നടന്ന ചര്‍ച്ചയിലാണ് കലാമൂല്യമുള്ള സിനിമകളുടെ ഭാവിയെക്കുറിച്ച് സംവിധായകര്‍ ആശകളും ആശങ്കകളും പങ്കുവെച്ചത്.
സമാന്തര സിനിമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന പതിവ് ആവശ്യം ഇക്കുറിയും മേളയില്‍ ഉയര്‍ന്നു. അനിരുദ്ധയും രാം റെഡ്ഡിയുമൊക്കെ മുന്നോട്ടുവെക്കുന്നതും ഇതേ ആവശ്യം തന്നെ. വലിയ താരങ്ങളോ ബഹളങ്ങളോ ഇല്ലാതെ ചെറിയ ബജറ്റില്‍ നിര്‍മിക്കുന്ന നിരവധി മികച്ച സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ശക്തമായ പ്രമേയങ്ങളിലാണ് ആ ചിത്രങ്ങളുടെ ഊന്നല്‍.
എന്നാല്‍, ജനങ്ങളിലേക്ക് ആ സിനിമകള്‍ എത്തുന്നേയില്ല. സിനിമാശാലക്കാരും വിതരണക്കാരുമൊന്നും അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അത്തരം സിനിമകളുടെ പ്രദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്ന് ‘തിതി’ (ശവസംസ്കാരം) എന്ന കന്നട ചിത്രത്തിന്‍െറ സംവിധായകന്‍ രാം റെഡ്ഡി ആവശ്യപ്പെട്ടു.
സിനിമ രംഗത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് അനിരുദ്ധ റോയിയുടെ അഭിപ്രായം. നല്ല പ്രമേയങ്ങള്‍ക്ക് പണംമുടക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നുണ്ട്. പക്ഷേ, അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമ തിയറ്ററുകള്‍ കിട്ടുന്നില്ളെന്ന പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും അനിരുദ്ധ കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ ആകാശവാണി തിയറ്ററില്‍ സമാന്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നേരത്തേ സൗകര്യമുണ്ടായിരുന്നത് ഇപ്പോള്‍ നിര്‍ത്തലാക്കിയതായി മുതിര്‍ന്ന ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സുധീര്‍ മിശ്ര ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
