ഷെയിനിനെ നായകനാക്കി സിനിമ ചെയ്യും -രാജീവ്​ രവി

  • ഷെയിനിന്​ പിന്തുണയുമായി പ്രമുഖർ

15:09 PM
29/11/2019
shane-and-directors

കോഴിക്കോട്​: നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ നടൻ ഷെയിൻ നിഗത്തെ എതിർത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങൾ സജീവമാണ്​. ഇതിനിടെ സംവിധായകൻ രാജീവ്​ രവി, ബൈജു കൊട്ടാരക്കര, ഷാനവാസ്​.കെ. ബാപ്പുട്ടി, നടി മാല പാർവതി തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖർ ഷെയിനിനെ പിന്തുണച്ച്​ രംഗത്തെത്തി. 

നിർമാതാക്കളുടെ വിലക്ക്​ മറികടന്ന്​ ഷെയിൻ നിഗം തിരിച്ചുവരുമെന്ന്​ സംവിധായകൻ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. തുടർന്നും അയാൾ സിനിമയിലുണ്ടാവും. ഷെയിൻ തിരിച്ചു വന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്ത്​ കൊച്ചിയിൽ എം.ജി റോഡിലൂടെ നടക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം തിരിച്ചു വന്നാൽ ഇപ്പോഴത്തെ നിർമ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കൾ തല മുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോ എന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. ജഗതി ശ്രീകുമാർ, സുകുമാരൻ, വിനയൻ തുടങ്ങി നിരവധിയാളുകളെ വിലക്കാൻ ഇവർ തയ്യാറായിട്ടുണ്ട്. കുറേക്കാലം വിനയനെ വിലക്കിയിട്ടും വിനയൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്​ബുക്കിലൂടെയാണ്​ ബൈജു കൊട്ടാരക്കര നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ചത്​.

ഷെയിൻ നിഗത്തിന് പിന്തുണയുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും രംഗ​ത്തെത്തി. താന്‍ ഷെയിനിനെ വച്ച് സിനിമ ചെയ്യും. വേണ്ടിവന്നാല്‍ അദ്ദേഹത്തെ തന്‍റെ അസിസ്റ്റന്‍റാക്കും. ഷെയിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്‍റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും രാജീവ് രവി പറഞ്ഞു. സിനിമയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതും കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നതുമൊന്നും ആരും ശ്രദ്ധിക്കുന്നില്ലല്ലോ എന്നും രാജീവ്​ രവി കൂട്ടിച്ചേർത്തു.

തന്‍റെ ‘കിസ്​മത്ത്’​ എന്ന സ്വപ്ന സിനിമ പൂര്‍ത്തിയാക്കാന്‍ കാരവനും എ.സി മുറിയും പ്രതിഫലവുമില്ലാതെ കഷ്ടപ്പെട്ട ഷെയിന്‍ നിഗം നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണെന്ന് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി അഭിപ്രായപ്പെട്ടു. ഫേസ്​ബുക്ക്​ കുറിപ്പിലാണ്​ ഷാനവാസ് ബാവക്കുട്ടി ഷെയിൻ നിഗത്തെ പിന്തുണച്ച്​ രംഗ​ത്തെത്തിയത്​. ‘ഉല്ലാസ’ത്തിൻെറ ഡബ്ബിംഗ് പൂർത്തിരിച്ച്, ‘വെയിൽ’, ‘കുർബാനി’ എന്നിവയുടെ ചിത്രീകരണം പൂർത്തികരിച്ച് ‘വലിയ പെരുന്നാൾ’ സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഷെയിൻ നിഗത്തെ കാണാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഷെയിൻ ഒരു ഇമോഷണൽ ബോംബാണെന്ന്​ നടി മാല പാർവതി അഭിപ്രായ​െപ്പട്ടു. കടല് ഇരമ്പി വരുന്ന അത്രയും ആഴത്തിലുള്ളതു​ം സത്യസന്ധവുമാണ്​ ഷെയിനിൻെറ വികാരങ്ങളെന്നും അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ലെന്നും​ പാർവതി ഫേസ്​ബുക്കിൽ കുറിച്ചു. അച്ചടക്കമുള്ള 'നല്ല' കുട്ടിയല്ല ഷെയിൻ. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സിൽ തോന്നുന്നതൊക്കെ പറഞ്ഞെന്നു വരും. അത് തിരുത്തിയെന്ന് വരും. പിന്നെയും അതിലേക്ക് മടങ്ങിയെന്ന് വരും. സത്യത്തിൽ അങ്ങനെയുള്ളവർ ഉള്ളിലനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നതെന്നും പാർവതി വ്യക്തമാക്കി.


 

Loading...
COMMENTS