സര്‍ജറിക്കിടെ ഹൃദയാഘാതം; സംവിധായകന്‍ സച്ചി അതീവ ഗുരുതരാവസ്ഥയിൽ
text_fieldsതൃശൂർ: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സർജറിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ ചെയ്തിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
സച്ചിയുടെ നില ഗുരുതരമാണ്. ഐ.സി.യുവില്‍ വെന്‍റിലേറ്ററിലാണ് നിലവിലുള്ളത്. ഈ ആശുപത്രിയില്‍ വെച്ചല്ല അദ്ദേഹത്തിന് സര്‍ജറി നടത്തിയത്. മറ്റൊരു ആശുപത്രിയില്‍ വെച്ചാണ്. ഹൃദയാഘാതം സംഭവിച്ച ശേഷമാണ് ഇവിടേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും കുഴപ്പം സംഭവിച്ചിട്ടുണ്ട്. നിലവില്‍ സിടി സ്‌കാന്‍ നടത്തുകയാണ്- തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
2007ൽ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.