അനുപം ഖേറി‍നും അക്ഷയ് ഖന്നക്കുമെതിരെ കേസെടുത്തു

15:05 PM
14/02/2019

പട്ന: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജീവിത്തെ ആസ്പദമാക്കി ഒരുക്കിയ 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെ കേസ്. അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചിത്രത്തിൽ മന്‍മോഹനടക്കമുള്ളവരെ  അപമാനിക്കുന്നുവെന്നാരോപിച്ച് സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിച്ച് ജില്ലാ കോടതിയുടെ ഉത്തരവു പ്രകാരം മുസഫര്‍പൂര്‍ പൊലിസാണ് കേസെടുത്തത്

ജനുവരി 8ന് നടൻമാർക്കെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. കേസെടുക്കാൻ വൈകിയതിനെ തുടർന്ന് കോടതി ക്രാന്തി പൊലീസ് സ്റ്റേഷനിലേക്ക് ബുധനാഴ്ച കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 

ജനുവരി 11നാണ്  ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ റിലീസ് ചെയ്തത്. ഗാന്ധി കുടുംബവുമായി മന്‍മോഹന്‍ സിങിനുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ മന്‍മോഹന്‍ സിങ് അടക്കമുള്ളവരെ അപമാനിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ നിർമ്മിച്ചത്. 

Loading...
COMMENTS