ചാനൽ പരിപാടികളിൽ നിന്ന് വിട്ടു നിൽകാനാവില്ല; ഫിലിം ചേംബര്‍ നിർദേശം അമ്മ തള്ളി

16:31 PM
13/11/2017
ഫയൽ ഫോട്ടോ

കൊച്ചി: സിനിമ താരങ്ങൾ ടെലിവിഷൻ ചാനലുകളുടെ അവാർഡ്​ നിശകളിലും മറ്റ്​ സ്​റ്റേജ്​ ഷോകളിലും പ​െങ്കടുക്കരുതെന്ന ഫിലിം ചേംബർ നിർദേശം താര സംഘടനയായ 'അമ്മ' തള്ളി. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ അമ്മ പ്രതിനിധികളും ഫിലിം ചേംബർ ഭാരവാഹികളും യോഗം ചേർന്നിരുന്നു. അമ്മക്ക് വേണ്ടി പ്രസിഡന്റ് ഇന്നസെന്‍റ്, ഇടവേള ബാബു, സിദ്ദിഖ്, ഗണേഷ് കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ചാനലുകളുമായി സഹകരണം ആവശ്യമാണെന്ന നിലപാടില്‍ അമ്മ ഉറച്ച്‌ നിന്നതോടെയാണ് രണ്ടര മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടത്. ഒടുവില്‍ വിശദമായ ചര്‍ച്ചക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.  ഇന്നസെന്‍റ്, ഗണേഷ് കുമാർ എന്നിവർ നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങി. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഫിലിം ചേംബറിന്‍റെ നിലവിലെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്‍റ് ജയകുമാര്‍ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സിനിമ സംപ്രേഷണാവകാശം സംബന്ധിച്ച ചാനലുകളുടെ പുതിയ നിലപാടിൽ പ്രതിഷേധിച്ച്​ താരങ്ങൾ ടെലിവിഷൻ ചാനലുകളുടെ അവാർഡ്​ നിശകളിലും മറ്റ്​ സ്​റ്റേജ്​ ഷോകളിലും പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബർ ആവശ്യപ്പെട്ടത്. ചിത്രീകരണം പൂർത്തിയാകും​ മുമ്പ്​ തന്നെ ന്യായമായ പ്രതിഫലം നൽകി മിക്ക സിനിമകളുടെയും സംപ്രേഷണാവകാശം ചാനലുകൾ വാങ്ങുന്ന രീതിയാണ്​ കാലങ്ങളായി ഉണ്ടായിരുന്നത്​. എന്നാൽ, അടുത്തകാലത്ത്​ ഇത്​ അവസാനിപ്പിച്ചു. തിയറ്ററിൽ മികച്ച കലക്​ഷൻ നേടുന്നതോ സൂപ്പർ താരങ്ങൾ അഭിനയിക്കുന്നതോ ആയ സിനിമകളുടെ സംപ്രേഷണാവകാശം മാത്രമേ ഇപ്പോൾ ചാനലുകൾ വാങ്ങാറുള്ളൂ. ഇതോടെ നൂറിലധികം സിനിമകളാണ്​ സംപ്രേഷണാവകാശം വിറ്റുപോകാതെ കിടക്കുന്നത്​. ഇത്​ തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നുമാണ് 
നിർമാതാക്കളും വിതരണക്കാരും പറയുന്നത്. 

COMMENTS