നിർബന്ധിച്ച് റൂം മാറ്റി; ‘മീ ടൂ’വിൽ നടൻ മുകേഷിനെതിരെയും ആരോപണം

12:24 PM
09/10/2018
Mukesh Allegation

കൊച്ചി: ‘മീ ടൂ’ കാമ്പയിനിൽ വെളിപ്പെടുത്തലുകൾ തുടരുന്നതിനിടെ നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരെയും ആരോപണം. 19 വർഷങ്ങൾക്ക് മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ ഹോട്ടൽ മുറി മുകേഷിന്‍റെ മുറിയുടെ അടുത്തേക്ക് മാറ്റിയെന്ന വെളിപ്പെടുത്തലുമായി കാസ്റ്റിങ് ഡയറക്ടറായ യുവതി രംഗത്തെത്തി. ശേഷം നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തുവെന്നും കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് വെളിപ്പെടുത്തി. 

ഹോട്ടലിൽ പറഞ്ഞ് മുകേഷ് തന്നെയാണ് മുറി മാറ്റിയത്. അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു ടെസ്. റൂം മാറ്റിയതിന് ശേഷം അന്ന് തന്‍റെ മേധാവിയും ഇപ്പോള്‍ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പിയുമായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. തൊട്ടടുത്ത വിമാനത്തിൽ അവിടെ നിന്ന് തിരിച്ചു പോന്നു. ഒബ്രിയാനോട് നന്ദിയുണ്ടെന്നും ടെസ് ട്വീറ്റിൽ പറയുന്നു. 

പുരുഷന്മാരുടെ ക്രൂവില്‍ അന്ന് താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തക. സഹപ്രവർത്തകയുടെ മുറിയിലാണ് അന്ന് താമസിച്ചത്. ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് ആരോപിക്കുന്നു. മുകേഷിന്‍റെ ഫോട്ടോ അടക്കമുള്ള ട്വീറ്റുകളിലൂടെയാണ് ടെസിന്‍റെ വെളിപ്പെടുത്തൽ. 

അതേസമയം, ‘മീ ടൂ’ വെളിപ്പെടുത്തലിന് പ്രതികരണവുമായി നടനും കൊല്ലം എം.എൽ.എയുമായ മുകേഷ് രംഗത്തെത്തി. വെളിപ്പെടുത്തൽ നടത്തിയ യുവതിയെ അറിയില്ല. 2002ലാണ് പരാമർശിക്കപ്പെട്ട ചാനൽ പരിപാടി നടന്നത്. ഇപ്പോൾ ആർക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണെന്നും മുകേഷ് പ്രതികരിച്ചു.

കൊല്ലം നിയോജക മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർഥിയായി വിജയിച്ചാണ് മുകേഷ് കുമാർ എന്ന മുകേഷ് നിയമസഭയിലെത്തിയത്.

Tess-joseph

 

Loading...
COMMENTS