കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടി ബിന്ദു പണിക്ക ർ, നടൻ കുഞ്ചാക്കോ ബോബൻ എന്നിവരെ എറണാകുളം അഡീഷനൽ സെഷൻസ് കോടതി മുമ്പാകെ വിസ്തരിച്ചു. നേരത്തേ പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായ മൊഴി നൽകിയതോടെ ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയതായാണ് വിവരം.
അതേസമയം, കുഞ്ചാക്കോ ബോബൻ തെൻറ മൊഴിയിൽ ഉറച്ചു നിന്നതായാണ് സൂചന. ബിന്ദു പണിക്കരെ രാവിലെയും കുഞ്ചാക്കോ ബോബനെ ഉച്ചക്ക് ശേഷവുമാണ് വിസ്തരിച്ചത്. കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരായതിനാൽ പ്രോസിക്യൂഷൻ വാറൻറ് കോടതിയിൽ മടക്കി നൽകി.
നടി രമ്യാ നമ്പീശെൻറ സഹോദരൻ രാഹുൽ നമ്പീശൻ, ഡ്രൈവർ സതീശ് എന്നിവരെ ചൊവ്വാഴ്ച വിസ്തരിക്കും. രമ്യാ നമ്പീശനെ 11 നും നടനും സംവിധായകനുമായ ലാലിനെ 13നും പ്രതിഭാഗം വിസ്തരിക്കും. ഇരുവരുടെയും പ്രോസിക്യൂഷൻ വിസ്താരം നേരത്തേ പൂർത്തിയായിരുന്നു.
13ന് തന്നെ നടി ഭാമയെ പ്രോസിക്യൂഷൻ വിസ്തരിക്കും. തുടർന്ന് ഈ മാസം 25 നാവും സാക്ഷിവിസ്താരം നടക്കുക. ജനുവരി 30ന് തുടങ്ങിയ വിചാരണയിൽ ഇതുവരെ 36 സാക്ഷികളെ വിസ്തരിച്ചു.