ജയിലിൽ ദിലീപിന് സഹായി, പ്രത്യേക ഭക്ഷണം
text_fieldsആലുവ: ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന് വേണ്ടി അധികൃതർ നിയമംവിട്ട് പ്രവർത്തിക്കുന്നതായി ആരോപണം. ദിലീപിന് പ്രത്യേക സൗകര്യങ്ങളും പരിഗണനയും അനുവദിച്ചതാണ് വിവാദമായത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി. ഹൈകോടതി ജാമ്യാപേക്ഷ തള്ളിയശേഷം ദിലീപിന് സബ് ജയിലിൽ പ്രത്യേക പരിഗണന നൽകുന്നതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായും പറയപ്പെടുന്നു. എന്നാൽ, തങ്ങൾ നിയമം ലംഘിച്ച് ഒന്നും ചെയ്യാറില്ലെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നുമാണ് സബ് ജയിൽ അധികൃതരുടെ നിലപാട്.
ദിലീപിന് ജയിലിൽ സഹായിയായി തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെ ഏർപ്പെടുത്തിയത് ജയിൽ ചട്ടങ്ങളുടെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തുണി അലക്കൽ, പാത്രം കഴുകൽ, ശൗചാലയം വൃത്തിയാക്കൽ തുടങ്ങിയവയാണ് സഹായിയുടെ ജോലികൾ. മറ്റെല്ലാ തടവുകാർക്കും പതിവ് ഭക്ഷണം നൽകുേമ്പാൾ ദിലീപിന് ജയിൽ ജീവനക്കാർക്കായി തയാറാക്കുന്ന ഭക്ഷണമാണ് നൽകുന്നത്. ഇത് ജയിലിലെ അടുക്കളയിലെത്തി കഴിക്കാനും അനുവദിച്ചിട്ടുണ്ട്.
നേരേത്ത പ്രഭാതകൃത്യങ്ങൾക്ക് മറ്റു തടവുകാർക്കൊപ്പമാണ് ദിലീപിനെ പുറത്തിറക്കിയിരുന്നത്. ഇപ്പോൾ, മറ്റെല്ലാവരുടെയും കുളി കഴിഞ്ഞാണ് നടെൻറ കുളി.
ആലുവയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ഇരട്ടക്കൊലക്കേസിലെ പ്രതി കഴിഞ്ഞദിവസം സബ് ജയിൽ സന്ദർശിച്ചിരുന്നു. തടവുകാർക്ക് വഴിവിട്ട സഹായങ്ങൾ ലഭ്യമാക്കാൻ ഇയാൾ ഇടനിലക്കാരനാകാറുണ്ടെന്ന് നേരേത്ത ആക്ഷേപമുണ്ട്. ഇയാളുടെ സന്ദർശനത്തിന് ശേഷമാണ് ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ലഭിച്ചുതുടങ്ങിയത്. ദിലീപിെൻറ അടുത്ത സുഹൃത്തും ജനപ്രതിനിധിയുമായ ഒരാളാണ് കൊലക്കേസ് പ്രതിയായ ഇടനിലക്കാരൻ വഴി ജയിലിൽ സൗകര്യം ഒരുക്കാൻ നീക്കം നടത്തിയതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്തിനെ കാണാനും ദിലീപിന് അവസരം ലഭിച്ചു. ഇതടക്കമുള്ള കാര്യങ്ങളിലാണ് ജയിൽ വകുപ്പിെൻറ അന്വേഷണം. എന്നാൽ, ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന നൽകുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജയിൽ സൂപ്രണ്ട് ബാബുരാജ് ‘മാധ്യമ'ത്തോട് പറഞ്ഞു. ജയിലിൽ 25 കാമറകളുണ്ട്. അതിനാൽ ആർക്കും നിയമംവിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. സുരക്ഷ കാര്യങ്ങൾ പരിഗണിച്ച് ദിലീപിനെ മറ്റുള്ളവർക്കൊപ്പം കുളിക്കാൻ അനുവദിക്കാറില്ല. മറ്റ് സൗകര്യങ്ങളൊന്നും നൽകിയിട്ടില്ല. സെല്ലുകളിലുള്ളവർ പരസ്പരം സഹായിക്കൽ സ്വാഭാവികമാണ്. ഇരട്ടക്കൊലക്കേസ് പ്രതി തന്നെ കാണാനാണ് വന്നത്. അയാൾ ദിലീപിനെ കണ്ടിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
