തനിക്ക് രാഷ്ട്രീയമില്ല; പത്മഭൂഷൺ മലയാള സിനിമക്കുള്ളത് -മോഹൻലാൽ

12:58 PM
11/03/2019
mohan-lal--padma-bhushan

ന്യൂഡൽഹി: തനിക്ക് രാഷ്ട്രീയമില്ലെന്ന് നടൻ മോഹൻലാൽ. ഈ നിലപാടിൽ മാറ്റമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനിൽ പത്മഭൂഷൺ പുരസ്കാരം വാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

പത്മഭൂഷൺ മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണിത്. രാജ്യം നൽകുന്ന അംഗീകാരം സ്വീകരിക്കുമ്പോൾ വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും അഭിമാനം തോന്നുന്നു. തന്നോടൊപ്പം സഞ്ചരിച്ചവർക്കും ഇപ്പോൾ സഞ്ചരിക്കുന്നവർക്കും ബുദ്ധിമുട്ടുള്ള അവസരങ്ങളിൽ കൂടെ നിന്ന കുടുംബത്തിനും സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും പുരസ്കാരം സമർപ്പിക്കുന്നു. 

കൂടുതൽ പത്മ പുരസ്കാരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളതാണ് മലയാള സിനിമാ ലോകം. ഒരുപാട് അംഗീകാരങ്ങൾ മലയാള സിനിമയെ തേടിയെത്തട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. 

മോഹൻലാലിനൊപ്പം സർദാർ സുഖ്​ദേവ്​ സിങ്​ ദിന്ദ്​സ, ഹുകും ദേവ്​ നാരായൺ, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ്​ നയ്യാർക്ക്​ വേണ്ടി ഭാര്യ ഭാരതി നയ്യാർ തുടങ്ങിയവർ പത്മഭൂഷൺ പുരസ്​കാരങ്ങൾ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി.  

സംവിധായകനും നടനുമായ പ്രഭുദേവ, സംഗീത സംവിധായകൻ ശങ്കർ മഹാദേവൻ, കൊട്ടുവാദ്യ വിദഗ്​ധൻ ആനന്ദൻ ശിവമണി, ഇന്ത്യൻ കബഡി ടീം ക്യാപ്​റ്റൻ അജയ്​ താക്കൂർ, മുൻ വിദേശകാര്യ സെക്രട്ടറി സുബ്രഹ്​മണ്യം ജയശങ്കർ, ടേബിൾ ടെന്നീസ്​ താരം ശരത്​ കമൽ, ഗ്രാൻഡ്​ മാസ്​റ്റർ ഹരിക ദ്രോണവല്ലി, ഗുസ്​തി താരം ബജ്​രംഗ്​ പൂനിയ തുടങ്ങിയവർ പത്മശ്രി പുരസ്​കരവും ഏറ്റുവാങ്ങി.

112 പുരസ്​കാര ജേതാക്കളിൽ 56 പേർക്കാണ്​ തിങ്കളാഴ്​ച പുരസ്​കാരങ്ങൾ നൽകിയത്​. മറ്റുള്ളവർക്കുള്ള പുരസ്​കാരദാനം മാർച്ച്​ 16ന്​ നടക്കും.

Loading...
COMMENTS