സൈന്‍സ് ചലച്ചിത്രമേള 28 മുതല്‍ കൊച്ചിയില്‍
text_fieldsകൊച്ചി: ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്താമത് സൈന്‍സ് ചലച്ചിത്രമേള ഈ മാസം 28ന് ആരംഭിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ ഒക്ടോബര്‍ രണ്ട് വരെ രണ്ടു വേദികളിലായി ഇരുന്നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28 ന് വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം നടക്കും. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ജോണ്‍ അബ്രഹാം സ്മാരക പ്രഭാഷണം ‘അസഹിഷ്ണുതയുടെ കാലം, സെന്‍സര്‍ ചെയ്യപ്പെട്ട മനസ്സുകള്‍’ എന്ന വിഷയത്തില്‍ രാകേഷ് ശര്‍മ സംസാരിക്കും.
ഡോക്യൂമെന്‍ററികള്‍, ഹ്രസ്വ ചിത്രങ്ങള്‍, റിട്രോസ്പെക്ടീവുകള്‍ എന്നിവക്ക് പുറമെ അബ്ബാസ് കിയറസ്റ്റോമി, മഹാശ്വേതാ ദേവി എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയും മേളയുടെ ഭാഗമായുണ്ടാകും. ഇന്ത്യയിലെ ഇരുപത്തിയഞ്ചിലേറെ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ മേളയിലുണ്ട്. സെമിനാറുകള്‍, ഓപണ്‍ ഫോറം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.മികച്ച ഡോക്യൂമെന്‍ററിക്കും ഹ്രസ്വചിത്രത്തിനുമുള്ള ജോണ്‍ അബ്രഹാം സ്മാരക പുരസ്കാരത്തിന് പുറമെ ഏറ്റവും നല്ല മലയാള ഡോക്യൂമെന്‍ററിക്കും ഹ്രസ്വ ചിത്രത്തിനുമുള്ള എഫ്. എഫ്്. എസ്.എ പുരസ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡോക്യൂമെന്‍ററി സംവിധായകനായ രാകേഷ് ശര്‍മയുടെ നേതൃത്വത്തിലെ ജൂറിയില്‍ പ്രേമേന്ദ്ര മജൂംദാര്‍, ഫൗസിയ ഫാത്തിമ എന്നിവര്‍ അംഗങ്ങളാണ്. എഫ്.എഫ്.എസ്.എ വൈസ് ചെയര്‍മാന്‍ ചെലവൂര്‍ വേണു, ബോണി തോമസ്, വി. കെ. ജോസഫ്, സൈന്‍സ് ഡയറക്ടര്‍ കെ.ആര്‍. മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
