തിരശ്ശീലക്ക് അകത്തും പുറത്തും തനി നാടനായ നടന്‍
text_fieldsനാട്ടിടവഴിയില്‍നിന്നും ആര്‍ക്ലൈറ്റിന്‍െറ വെള്ളിവെളിച്ചത്തിലേക്ക് നടന്നുകയറിയതുപോലെയാണ് മണി മലയാള സിനിമയിലേക്ക് വന്നത്. തനി നാട്ടിന്‍പുറത്തുകാരന്‍െറ വേഷങ്ങള്‍ പകര്‍ന്നാടിയും നാടന്‍പാട്ടുകളിലൂടെ പോയകാല കേരളീയ ഗ്രാമജീവിതത്തിന്‍െറ ഗൃഹാതുരസ്മരണകളുണര്‍ത്തിയും മണി പ്രേക്ഷകന്‍െറ സ്നേഹവും ആദരവും പിടിച്ചുപറ്റി. സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു. താരപ്പകിട്ടില്‍ തിളങ്ങിനില്‍ക്കുമ്പോഴും അദ്ദേഹം അതൊന്നും മറച്ചുവെച്ചിരുന്നില്ല. തനി സാധാരണക്കാരന്‍െറ ദരിദ്രമായ ജീവിതപശ്ചാത്തലത്തിന്‍െറ യാതനാഭരിതമായ ഓര്‍മകള്‍ പലപ്പോഴും അദ്ദേഹം ഒരാഘോഷംപോലെ ജനസമക്ഷം അയവിറക്കി. പണവും ജാതിയും കുടുംബമഹിമയും ആധിപത്യം പുലര്‍ത്തുന്ന മലയാള സിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് കഴിവും കഠിനാധ്വാനവുമാണെന്ന് മണി പലവട്ടം തെളിയിച്ചു. ചാലക്കുടിയിലെ ഓട്ടോഡ്രൈവറില്‍നിന്ന് ദക്ഷിണേന്ത്യന്‍ സിനിമയിലെ നായകനും വില്ലനുമൊക്കെയായി വളര്‍ന്ന് 200 ഓളം കഥാപാത്രങ്ങളുമായി മൂന്നു പതിറ്റാണ്ടോളം തിളങ്ങിനില്‍ക്കാന്‍ മണിയെ സഹായിച്ച മൂലധനം കലയോടുള്ള ആത്മസമര്‍പ്പണം തന്നെയായിരുന്നു. കൊച്ചിന്‍ കലാഭവനില്‍നിന്നു കിട്ടിയ ശിക്ഷണവും അരങ്ങറിവുകളും അതിന് മണിയെ ഏറെ തുണച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് മണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ ഉത്സവപ്പറമ്പുകളിലെ സ്റ്റേജ് ഷോകളിലും മിമിക്രി പ്രകടനങ്ങളിലുംനിന്ന് പ്രേക്ഷകനെ ചിരിപ്പിക്കുന്നതിന്‍െറ രസതന്ത്രം മണി നേരത്തേതന്നെ സ്വായത്തമാക്കിയിരുന്നു. മിമിക്രി മലയാള സിനിമയെ വിഴുങ്ങിയ ആ ദശകം മണിയെപ്പോലുള്ള കലാകാരന്മാര്‍ക്ക് സിനിമയിലേക്കുള്ള പ്രവേശം സുഗമമാക്കി. അഭിനയവും മിമിക്രിയും നാടന്‍പാട്ടുമൊക്കെയായി സിനിമക്ക് അകത്തുംപുറത്തും ജനങ്ങളെ രസിപ്പിക്കുന്ന കലാകാരനായി മാറാന്‍ മണിക്ക് അധികനാള്‍ വേണ്ടിവന്നില്ല. ‘അക്ഷരം’ എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവര്‍ ആയി അരങ്ങേറ്റം കുറിച്ച മണിയെ മലയാള സിനിമ ശ്രദ്ധിച്ചുതുടങ്ങുന്നത് ലോഹിതദാസിന്‍െറ ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കിയപ്പോഴാണ്. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചത്തെുകാരന്‍െറ വേഷം അത്രയും തന്മയത്വം നിറഞ്ഞതായിരുന്നു.
ആദ്യകാലങ്ങളില്‍ ദിലീപിന്‍െറയും ജയറാമിന്‍െറയും കൂടെ സഹനടനായി പ്രത്യക്ഷപ്പെട്ട മണി താമസിയാതെ നായകവേഷങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി. വിപണിമൂല്യവും ജനപ്രിയതയുമുള്ള താരസ്വരൂപം മണിയില്‍ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് സംവിധായകന്‍ വിനയനായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്‍’ (2001) എന്നീ ചിത്രങ്ങളിലൂടെ മണി നിസ്സഹായനും നിരാലംബനുമായ സാധാരണക്കാരനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടി. ഇതേ അച്ചില്‍ വാര്‍ത്തെടുത്ത അമിതാഭിനയത്തിന്‍െറയും മെലോഡ്രാമയുടെയും സ്വഭാവമുള്ള കഥാപാത്രങ്ങളെ ‘വാല്‍ക്കണ്ണാടി’, ‘ആകാശത്തിലെ പറവകള്‍’ തുടങ്ങി നിരവധി സിനിമകളില്‍ മണിക്ക് അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ രാമു എന്ന അന്ധഗായകനെ അവതരിപ്പിച്ചതിന് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിധിനിര്‍ണയ സമിതികളുടെ പ്രത്യേകപരാമര്‍ശം ലഭിച്ചിരുന്നു.
വില്ലന്‍വേഷങ്ങളിലേക്കു ചുവടുമാറിയതോടെയാണ് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും കലാഭവന്‍ മണിക്ക് ഇടം ലഭിച്ചത്. ‘വല്യേട്ടന്‍’, ‘രാക്ഷസരാജാവ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രതിയോഗി വേഷങ്ങള്‍ മറുഭാഷാ സിനിമക്കാര്‍ക്കിടയിലും മണിയെ ശ്രദ്ധേയനാക്കിയിരുന്നു. വിക്രം നായകനായ ‘ജെമിനി’ എന്ന തമിഴ് സിനിമയില്‍ തേജ എന്ന അധോലോക രാജാവിനെ അവതരിപ്പിച്ചുകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ച മണി തമിഴിലും തെലുങ്കിലുമായി മുപ്പതില്‍പ്പരം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ‘ദൃശ്യം’ എന്ന മലയാളം സൂപ്പര്‍ഹിറ്റിന്‍െറ തമിഴ്പതിപ്പായ ‘പാപനാസ’ത്തില്‍ കോണ്‍സ്റ്റബ്ള്‍ പെരുമാളിനെ അവതരിപ്പിച്ചുകൊണ്ട് കമല്‍ഹാസനൊപ്പം തിരശ്ശീല പങ്കിട്ടു. രജനീകാന്തിന്‍െറ ‘യെന്തിരനി’ലെ പച്ചെമുത്തു എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.
ഗായകന്‍ എന്ന നിലയിലും മണി മലയാളിയുടെ കേള്‍വിപ്പുറങ്ങളില്‍ എന്നും നിറഞ്ഞുനില്‍ക്കും. നാടന്‍പാട്ട് എന്ന കീഴാളപക്ഷകലയെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് ചെറുതല്ല.
നാട്ടിന്‍പുറത്തെളിമയാര്‍ന്ന നാടന്‍പാട്ടുകളിലൂടെ കാര്‍ഷികകേരളത്തിന്‍െറ സമ്പന്നഭൂതകാലത്തെ മണി ഓര്‍മയിലേക്കു കൊണ്ടുവന്നു. അന്യംനിന്നുപോയ നാടന്‍പാട്ടുകള്‍ക്ക് സിനിമകളിലും സ്റ്റേജ്ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും കാസെറ്റുകളിലും സീഡികളിലുമായി ശബ്ദം പകര്‍ന്ന് പുതുതലമുറയെക്കൂടി നാടന്‍ശീലുകളുടെ ആസ്വാദകരാക്കി. അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍പാട്ടുകള്‍ തനി നാടന്‍ശൈലിയില്‍ തന്നെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ‘കബഡി കബഡി’ എന്ന ചിത്രത്തിലെ ‘മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ’ എന്ന ഗാനം കലാഭവന്‍ മണിയിലെ മികച്ച പിന്നണിഗായകനെയും നമുക്ക് കാട്ടിത്തന്നു. 25 ഓളം ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. രണ്ടു ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകരുകയും ചെയ്തു.
മലയാള സിനിമയിലെ സവര്‍ണാധിപത്യത്തെ തകിടംമറിച്ച കറുത്ത താരശരീരമായിരുന്നു കലാഭവന്‍ മണിയുടേത്. മലയാള സിനിമയുടെ ദ്രാവിഡമുഖം. ഈ താരത്തെയും നടനെയും ആഴത്തില്‍ വിലയിരുത്തുന്ന ‘ഒരു കറുത്ത ഉടലിന്‍െറ താരസഞ്ചാരങ്ങള്‍’ എന്ന ലേഖനത്തില്‍ പ്രമുഖ ചലച്ചിത്രനിരൂപകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍ മണിയെക്കുറിച്ച് ഇങ്ങനെ എഴുതി: ‘നമ്മളില്‍ ഒരാള്‍ എന്ന പ്രതീതി മണി എന്ന താരസ്വരൂപത്തിന്‍െറ ജനപ്രിയത വളര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും കൂലിപ്പണിക്കാരനുമൊക്കെയായി കഷ്ടപ്പെട്ട് താഴെ നിന്നും ഉയര്‍ന്നുവന്ന താരം എന്നത് മണി എന്ന സാധാരണക്കാരനായ ചാലക്കുടിക്കാരനെ നമ്മുടെതന്നെ സാധ്യതയോ സ്വപ്നസാക്ഷാത്കാരമോ ആക്കിത്തീര്‍ക്കുകയുംചെയ്തു.
മറ്റു നടന്മാര്‍ ജനങ്ങളുമായി പുലര്‍ത്തിയ അകല്‍ച്ചയും അപ്രാപ്യതയുംകൊണ്ട് താരങ്ങളായി വിളങ്ങിയപ്പോള്‍ മണി ജനങ്ങളുമായുള്ള തന്‍െറ പ്രാപ്യതയെയും അടുപ്പത്തെയും ആഘോഷിച്ചു. തന്‍േറടത്തോടെ ഒരു നാടനായി നിലകൊള്ളുന്നുവെന്നത് പ്രേക്ഷകരും മണിയും തമ്മിലുള്ള നൈരന്തര്യത്തെ എപ്പോഴും സജീവമാക്കി നിലനിര്‍ത്തി. ഇത് എവിടെയുമുള്ള ഒരു ഗ്രാമീണയുവാവിന്‍െറ സ്വപ്നമോ സാധ്യതയോ ആക്കി മണിയെ മാറ്റി. ഈ പരിചിതത്വവും സമ്മതിയുമാണ് മണിയെ നായകബദല്‍ ആക്കി നിലനിര്‍ത്തിയതും.’ ജനപ്രിയകലയുടെ വരേണ്യതയെ പൊളിച്ചെഴുതിയ കീഴാളനായി മണി മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
