കലാഭവൻ മണി അന്തരിച്ചു
text_fieldsകൊച്ചി: അഭിനയത്തിലൂടെയും പാട്ടിലൂടെയും ശബ്ദാനുകരണത്തിലൂടെയും കലാരംഗത്ത് നിറഞ്ഞുനിന്ന ചലചിത്ര പ്രതിഭ കലാഭവൻ മണി അന്തരിച്ചു. 45 വയസ്സായിരുന്നു. കരൾ രോഗ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിൻെറ മരണം വൈകീട്ട് 7.15നാണ് സംഭവിച്ചത്. രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണിയെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൃക്കരോഗത്തിനും അദ്ദേഹം ചികിത്സ തേടിയിരുന്നു.
മണിയുടെ ശരീരത്തിൽ മീഥെയ്ൻ ആൽക്കഹോളിൻെറ അംശം കണ്ടെത്തി എന്ന് ശനിയാഴ്ച ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച മൊഴിയെടുക്കാൻ പൊലീസ് എത്തിയിയപ്പോഴേക്കും അദ്ദേഹത്തെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. തിങ്കളാഴ്ച തന്നെ സംസ്കാരം നടക്കുമെന്നാണ് അറിയുന്നത്. ബഹുമുഖപ്രതിഭയുള്ള കലാകാരനായിരുന്ന കലാഭവൻ മണി, മലയാള സിനിമയിലെ ജനകീയനായ താരമാണ്.
തൃശൂർ ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമൻെറയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായി 1971ലാണ് മണി ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്ത് പ്രവേശിച്ചത്. തുടർന്ന് സിനിമയിൽ എത്തിയ അദ്ദേഹം തുടക്കത്തിൽ കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് വില്ലൻ വേഷങ്ങളിലും നായകവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിൽ തൻെറ സാന്നിദ്ധ്യം അറിയിച്ചു. അഭിനയത്തിനും മിമിക്രിക്കും പുറമെ പാട്ടിലും അദ്ദേഹം തിളങ്ങി. നാടൻ പാട്ടുകളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മണി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് കലാഭവൻ മണി തൻെറ കലാവൈഭവം വളർത്തിയെടുത്തത്. ചെറുപ്പത്തിലുള്ള കഷ്ടപ്പാടുകൾ മണി തന്നെ പല വേദികളിലും പറയാറുണ്ടായിരുന്നു. ചാലക്കുടി സർക്കാർ ബോയ്സ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മിമിക്രിയും അഭിനയവും അദ്ദേഹത്തിന് തലക്ക് പിടിച്ചിരുന്നു. മോണോ ആക്ടിലും മിമിക്രിയിലും സ്കൂൾ യുവജനോത്സവങ്ങളിൽ മത്സരിച്ചു. 1987ൽ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയത് മണിയുടെ കലാജീവിതത്തിൽ നിർണായകമായി.
സ്‌കൂൾ പഠനത്തിന് ശേഷം അദ്ദേഹം ഓട്ടോ ഓടിച്ചായിരുന്നു ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഓട്ടോ ഓടിക്കലിനൊപ്പം മിമിക്രിയും മുന്നോട്ടുകൊണ്ടുപോയി. പകൽ ഓട്ടോ ഡ്രൈവിങ്ങും രാത്രി മിമിക്രിയുമായിരുന്നു പതിവ്. പല ട്രൂപ്പിനൊപ്പവും ചേർന്ന് മണി പരിപാടികൾ അവതരിപ്പിച്ചു. മലയാള സിനിമാ രംഗത്ത് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കലാഭവനുമായി മണി പിന്നീട് ബന്ധം സ്ഥാപിച്ചു. ഇതിനിടക്ക് ഒരു ടി.വി പരമ്പരയിൽ അഭിനയിക്കാൻ പോയതോടെ കലാഭവനുമായുള്ള ബന്ധം വേർപെട്ടു. കലാഭവനിലെ അവസരം നഷ്ടമായതോടെ മണി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സുന്ദർദാസ്-ലോഹിതദാസ് കൂട്ടുകെട്ടിൻെറ 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻെറ വേഷമാണ് മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി.
രാക്ഷസരാജാവ്, വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങളിൽ മണി നായകനായി. ദി ഗാർഡ് എന്ന ചിത്രത്തിൽ മണി മാത്രമാണ് അഭിനേതാവ്. മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം എന്നിവയാണ് തമിഴ് ചിത്രങ്ങൾ.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലചിത്ര പുരസ്കാര സമിതിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. ഇതിൽ ഒരു അന്ധൻെറ വേഷമായിരുന്നു മണി ചെയ്തത്. സംസ്ഥാന തലത്തിലും ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2002ൽ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിൻെറ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്കാരം ലഭിച്ചു.
നാടൻ പാട്ടുകളെ കെസറ്റുകളിലാക്കി ജനകീയമാക്കുന്നതിൽ മണി വഹിച്ച പങ്ക് മറക്കാൻ സാധിക്കില്ല. മികച്ച ഗായകനായിരുന്ന മണിയുടെ ശബ്ദത്തിൽ നിരവധി നാടൻ പാട്ടുകളാണ് പുറത്തിറങ്ങിയത്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കെസെറ്റുകൾ ഏറെ ശ്രദ്ധ നേടി. ഇതിന് പുറമെ സിനിമാ ഗാനങ്ങളുടെ പാരഡികളും മണിയുടെ ശബ്ദത്തിൽ ഇറങ്ങി.
ഗായകനെന്ന നിലക്ക് സിനിമകളിലും അദ്ദേഹം തിളങ്ങി. അഭിനയിക്കുന്ന പല ചിത്രങ്ങളിലും മണിയുടെ ഗാനങ്ങളുണ്ടാകുമായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ 'കാട്ടിലെ മാനിൻെറ തോലുകൊണ്ടുണ്ടാക്കി..', 'കരുമാടിക്കുട്ടനിലെ കൈകൊട്ടു പെണ്ണേ കൈകൊട്ടുപെണ്ണേ...', 'കബഡി കബഡി എന്ന ചിത്രത്തിലെ 'മിന്നാമിനുങ്ങെ മിന്നും മിനുങ്ങെ..' എന്നീ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മുരിങ്ങൂർ മുല്ലപ്പളളി സുധാകരൻെറയും സൗഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. 1999 ഫെബ്രുവരി നാലിനാണ് മണി നിമ്മിയെ വിവാഹം ചെയ്തത്. ശ്രീലക്ഷ്‌മിയെന്നാണ് ഏകമകളുടെ പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
