രജനികാന്തിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുടുംബാംഗങ്ങള്‍
text_fieldsകോയമ്പത്തൂര്‍: നടന് രജനികാന്ത് സുഖമായി കഴിയുന്നതായും ആരോഗ്യപ്രശ്നങ്ങളില്ളെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസാവസാനം രജനികാന്ത് അമേരിക്കയില്‍നിന്ന് തിരിച്ചുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ശ്രീലങ്കന്‍ വെബ്സൈറ്റില്‍ ഒരു വാര്‍ത്ത വന്നതാണ് കിംവദന്തി പരക്കാനിടയാക്കിയത്. വാര്‍ത്ത ആരാധകരിലും കടുത്ത ആശങ്ക ഉയര്‍ത്തി.
രണ്ടാഴ്ച മുമ്പ് രജനികാന്തിന് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിലും മറ്റും വാര്‍ത്ത പ്രചരിച്ചിരുന്നു. പുതിയ സിനിമയായ ‘കപാലി’യിലെ ഗാനങ്ങളുടെ ഓഡിയോ റിലീസിങ് ചടങ്ങില്‍ രജനി പങ്കെടുക്കാത്തതിന് കാരണവും ഇതാണെന്നായിരുന്നു പ്രചാരണം. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
