Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംതൃപ്തനായി ഉറങ്ങിക്കോളൂ; ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും...

text_fields
bookmark_border
  • മഞ്ജു വാര്യരുടെ വികാരനിര്‍ഭരമായ ഫേസ്ബുക് കുറിപ്പ്
സംതൃപ്തനായി ഉറങ്ങിക്കോളൂ; ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും...
cancel

കോഴിക്കോട്: മരണം വേട്ടയാടിയ സംവിധായകന്‍െറ വേര്‍പാടില്‍ ഉള്ളുരുകി നായികയുടെ വികാരഭരിതമായ ഫേസ്ബുക് കുറിപ്പ്. രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ ‘വേട്ട’യിലെ നായിക മഞ്ജു വാര്യരാണ് പ്രിയസംവിധായകന് ഹൃദയത്തില്‍ തൊടുന്ന വരികളിലൂടെ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. മഞ്ജുവിന്‍െറ കുറിപ്പ് ഇങ്ങനെ:

‘രാജേഷ്... ഉറങ്ങിക്കോളൂ... അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമക്കുവേണ്ടി നിങ്ങള്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍ത്ത്, വിറക്കുന്ന കൈകൊണ്ട് ആദ്യ കോപ്പി ഒപ്പിട്ടു വാങ്ങിയ ശേഷമല്ളേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്‍െറ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതു പോലെ നമ്മുടെ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു. ‘ട്രാഫിക്കിനുശേഷം രാജേഷ് പിള്ള വീണ്ടും’ എന്ന് പ്രേക്ഷകര്‍ പറയുന്നു. ഒരുമാത്ര നേരത്തേക്കെങ്കിലും കണ്ണു തുറന്നിരുന്നെങ്കില്‍ അറിയാനാകുമായിരുന്നു അതെല്ലാം. ‘വേട്ട’ തുടങ്ങിയപ്പോഴാണ് നിങ്ങള്‍ കണ്ണടച്ചത്. ഒറ്റസങ്കടം മാത്രം. എല്ലാം നിശ്ചയിക്കുന്ന ആ വലിയ സംവിധായകന് നിങ്ങളുടെ ഉറക്കം ഒരു ദിവസത്തേക്ക് വൈകിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും സംതൃപ്തനായ മനുഷ്യനായിട്ടാകും നിങ്ങള്‍ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാകുക.
എന്നെ ‘അനുജത്തീ’ എന്നു വിളിച്ചത് ഏത് മുജ്ജന്മ ബന്ധത്തിന്‍െറ പേരിലാണെന്ന് അറിയില്ല. ഒരു സിനിമയുടെ ഇടവേളയില്‍ ഒരു ജീവിത കാലത്തിന്‍െറ സഹോദര ബന്ധമാണ് നിങ്ങളെനിക്ക് നല്‍കിയത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ഐ.സി.യുവില്‍വെച്ച് കൈകള്‍ ചേര്‍ത്തുപിടിച്ച് നെഞ്ചത്ത് വെച്ചപ്പോള്‍, ഒരു കവിള്‍ വെള്ളം പകര്‍ന്നു തരണമെന്ന് വാശിപിടിച്ചപ്പോള്‍, എന്‍െറ അനുജത്തിയെന്ന് അവിടെയുണ്ടായിരുന്നവരോടൊക്കെ പറഞ്ഞപ്പോള്‍... ഞാനും അറിഞ്ഞു ജ്യേഷ്ഠതുല്യമായ ഒരു ബന്ധത്തിന്‍െറ തണുപ്പ്. അത് ഇനിയുള്ള കാലം എന്‍െറ കൈകളില്‍ ബാക്കിയുണ്ടാകും.
ഇതെഴുതുന്നത് നിങ്ങളുറങ്ങുന്നതിന് അരികെവരെയെത്തി മടങ്ങിപ്പോന്നതിനു ശേഷമാണ്. വയ്യ, നിങ്ങളെ കണ്ണടച്ച് കാണാന്‍. മേഘയെ കണ്ടു. ഇനി ഈ അനുജത്തിയുണ്ടെന്ന് വിശ്വസിക്കുക, മേഘക്കൊപ്പം.
രാജേഷ്... സംതൃപ്തനായി ഉറങ്ങിക്കോളൂ; ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും...’

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story