‘സ്ക്രൈബ്സ്’ ഡോക്യുമെൻററി ചലച്ചിത്രോത്സവം മലപ്പുറത്ത്
text_fieldsമലപ്പുറം: ‘സ്ക്രൈബ്സ്’ അന്താരാഷ്ട്ര ഡോക്യുമെൻററി–ഹ്രസ്വ ചലച്ചിത്രോത്സവം നവംബർ 27ന് മലപ്പുറത്ത് തുടങ്ങും. പ്രമുഖ ഡോക്യുമെൻററി സംവിധായകൻ അമുദൻ ആർ.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് നാലിന് ‘കൽബുർഗി വേദി’യിൽ (ടൗൺഹാൾ പരിസരം) രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഫാഷിസത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥി പ്രതിനിധികളുടെ സംഗമമായ ദേശീയ യുവജന അസംബ്ലിയോടെയാണ് ചലച്ചിത്രമേള തുടങ്ങുക. ‘സമകാലിക ഇന്ത്യ: കാഴ്ചയും കാഴ്ചപ്പാടും’ വിഷയത്തിൽ ഫാഷിസം, പരിസ്ഥിതി, ലിംഗനീതി എന്നിവ പ്രമേയമാക്കുന്ന ഡോക്യുമെൻററികളും ഹ്രസ്വ ചലച്ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. 28ന് രാവിലെ ഒമ്പതിന് ഡി.ടി.പി.സി ഹാളിൽ ജാതീയതയും മതവർഗീയതയും വിഷയമാക്കുന്ന വിശുദ്ധ പശു, വൃത്തിയുടെ ജാതി, ഡോണ്ട് ബി അവർ ഫാതേഴ്സ് ഡോക്യുമെൻററികളാണ് പ്രദർശിപ്പിക്കുക.
തുടർന്ന് ചർച്ച. ഉച്ചക്ക് രണ്ടിന് വികസനവും പരിസ്ഥിതിയും വിഷയമാക്കുന്ന ഗ്രീൻ, അൺ ഹോളി വാർ, മൈൻ തുടങ്ങിയ ഡോക്യുമെൻററികൾ പ്രദർശിപ്പിക്കും. വൈകീട്ട് അഞ്ചിന് മലപ്പുറം നഗരത്തിൽ നടക്കുന്ന പരിസ്ഥിതി സെമിനാറിൽ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ആമുഖാവതരണം നടത്തും.
രാത്രി വയനാട്ടിലെ കർഷക ജീവിതം വിഷയമാക്കുന്ന പുതിയ സിനിമയായ ‘നെഗലുകൾ’ (സംവിധാനം: അവിര റബേക്ക) പ്രദർശിപ്പിക്കും.
29ന് രാവിലെ ഒമ്പതിന് ലിംഗപദവി പ്രമേയമാക്കുന്ന പി.കെ. മേദിനി–മാറ്റത്തിെൻറ പാട്ടുകാരി, വുമൺസസ്, പൂമരം, ട്രാൻസ് തുടങ്ങിയവ പ്രദർശിപ്പിക്കും. പി. ഗീത, പി.കെ. സൈനബ, സജിത മഠത്തിൽ, സിസ്റ്റർ ജെസ്മി, ശീതൾ, ഫൈസൽ, സൂര്യ, ജിഷ എലിസബത്ത് തുടങ്ങിയവർ ചർച്ചയിൽ സംവദിക്കും. വൈകീട്ട് നാലിന് സമാപന പരിപാടി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് www.scribesfestival.org വിലാസത്തിലോ 9633606920 ഫോൺനമ്പറിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
