കൊച്ചിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ശ്യാം ബെനഗൽ ഉദ്ഘാടനം ചെയ്യും
text_fieldsകൊച്ചി: ഓൾ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം–ആലിഫ് എന്ന പേരിൽ കൊച്ചിയിൽ ഈ മാസം 15ന് തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊച്ചി ലെ മെറിഡിയനിൽ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ തിരിതെളിക്കും. ബർലിൻ ഗോൾഡൻ ബെയർ അവാർഡ് നേടിയ ജാഫർ പനാഹിയുടെ ഇറാനിയൻ ചലച്ചിത്രം ‘ടാക്സി’യാണ് ഉദ്ഘാടന ചിത്രം.
അഞ്ചുദിവസം നീളും. 34 രാജ്യങ്ങളിൽനിന്നായി 135 സിനിമ എട്ട് വിഭാഗങ്ങളിൽ പ്രദർശിപ്പിക്കും. കൊച്ചിയിലെ സിനിപോളിസ് തിയറ്റർ കോംപ്ലക്സിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. ദർബാർ ഹാളിൽ കുട്ടികൾക്കുവേണ്ടിയുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഇൻഡിവുഡ് ഫിലിം മാർക്കറ്റിന് ലെ മെറിഡിയൻ വേദിയാകും.
15ന് നടക്കുന്ന ‘ഇൻറർനാഷനൽ ഫിലിം ബിസിനസ്’ അവാർഡോടെയാണ് ഇൻഡിവുഡ് ഫിലിം മാർക്കറ്റിന് തുടക്കം കുറിക്കുന്നത്. ദേശീയ, അന്തർദേശീയ വ്യവസായ മേഖലയിലെ പ്രമുഖർക്കാണ് പുരസ്കാരം. ഏരീസ് ഗ്രൂപ്, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) എന്നിവരാണ് മുഖ്യസംഘാടകർ.
50 സിനിമയാണ് മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫീച്ചർ ഫിലിം, പുതുമുഖ സംവിധായകർ, ഡോക്യുമെൻററി സിനിമകൾ, ഷോർട്ട് ഫിലിം തുടങ്ങിയ വിഭാഗങ്ങളിൽ ‘ഗോൾഡൻ ഫ്രെയിം അവാർഡ്’ നൽകും. ഇറാനിയൻ സംവിധായകൻ കോസ്റോ മാസുമിയുടെ നേതൃത്വത്തിലെ ജൂറി കമ്മിറ്റിയാണ് വിധി നിർണയിക്കുക. സംവിധാനരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന അടൂർ ഗോപാലകൃഷ്ണനെ ആദരിക്കും. അദ്ദേഹത്തിെൻറ ചിത്രങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ടാകും. ചെക്, സ്ലോവാക് ചിത്രങ്ങളുടെ പ്രദർശനമാണ് മേളയുടെ മുഖ്യ ആകർഷണം. സിനിമ ഫോർ കെയർ, സിനിമ ഫോർ വിമൻ, സിനിമ ഫോർ ചിൽഡ്രൻ, വേൾഡ് സിനിമ, മ്യൂസിക്കൽസ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ സിനിമകളും പ്രദർശിപ്പിക്കും. ഇൻഡിവുഡ് പനോരമ, മലയാള സിനിമകൾ, നെറ്റ്പാക് അവാർഡ് നേടിയ സിനിമകൾ തുടങ്ങിയ വിഭാഗങ്ങളിലും തെരഞ്ഞെടുത്ത സിനിമകൾ പ്രദർശിപ്പിക്കും.
ബോളിവുഡ് ഹിറ്റ് സംവിധായകൻ കബീർ ഖാൻ, മലയാളസിനിമ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുമായി പ്രേക്ഷകർക്ക് സംവദിക്കാനുള്ള അവസരവുമുണ്ടാകും. ഇനി എല്ലാവർഷവും കൊച്ചിയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഉണ്ടാകുമെന്ന് സംഘാടകരും ഫെഫ്ക ഭാരവാഹികളുമായ സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, കമൽ എന്നിവർ അറിയിച്ചു.
ഓരോ പ്രാദേശികഭാഷക്ക് ഓരോ ബ്രാൻഡ് അംബാസഡർമാരാണ് മേളക്കുള്ളത്. മോഹൻലാലാണ് മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡർ. www.aliiff.com വെബ്സൈറ്റിലൂടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 300 രൂപയാണ് നിരക്ക്. ഒരുദിവസത്തെ മുഴുവൻ സിനിമകൾ കാണാൻ 175 രൂപയുടെ പാസ് ലഭ്യമാണ്. വാർത്താസമ്മേളനത്തിൽ ആലിഫ് ഇൻഡിവുഡ് ചെയർമാൻ സോഹൻ റോയി, ഏരീസ് ഗ്രൂപ് വൈസ് പ്രസിഡൻറ് ശ്യാം കുറുപ്പ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
