വരി തെറ്റിച്ചെന്നാരോപിച്ച് ഡെലിഗേറ്റുകൾക്ക് വളൻറിയർമാരുടെ ക്രൂരമർദനം

  • മൂന്നുപേർക്ക് പരിക്ക്

09:44 AM
11/12/2015

തിരുവനന്തപുരം: തിയറ്ററിനുമുന്നിൽ വരി തെറ്റിച്ചെന്നാരോപിച്ച് ഡെലിഗേറ്റുകൾക്ക് വളൻറിയർമാരുടെ ക്രൂരമർദനം. ഇതിനെ തുടർന്ന് ഡെലിഗേറ്റുകളും വളൻറിയർമാരും തമ്മിൽ നടന്ന സംഘർഷം പൊലീസും റിസർവ് ബറ്റാലിയനും ഇടപെട്ട് തടഞ്ഞു. കൈരളി തിയറ്ററിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. നിളയിൽ രാത്രി ഏഴിന് പ്രദർശിപ്പിക്കുന്ന മെക്സിക്കൻ സിനിമയായ ബ്ലീക്ക് സ്​ട്രീറ്റിനു വേണ്ടി തിയറ്ററിനു പുറത്ത് വൈകീട്ട് തന്നെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ഇതിനിടയിലേക്ക് തിയറ്ററിനകത്തുണ്ടായിരുന്ന ഡെലിഗേറ്റുകളിൽ ചിലർ കടന്നുകയറിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.

വരിയുടെ ഇടയിലേക്ക് കയറിയ ഡെലിഗേറ്റുകളെ തിയറ്ററിനുള്ളിലേക്ക് കടത്തിവിടാനാകില്ലെന്ന് വളൻറിയർമാർ നിർബന്ധം പിടിച്ചതോടെ ഇരുവിഭാഗം തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടയിൽ പുറത്തുണ്ടായിരുന്ന പത്തോളം കെ.എസ്​.യു പ്രവർത്തകരായ വളൻറിയർമാർ സംഘടിച്ചെത്തുകയും മൂന്ന് ഡെലിഗേറ്റുകളെ പൊതിരെ തല്ലുകയുമായിരുന്നു. അക്രമത്തിൽ കോഴിക്കോട്ട് നിന്നെത്തിയ പ്രതിനിധിക്ക് സാരമായ പരിക്കേറ്റു. തുടർന്ന് മറ്റുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഡെലിഗേറ്റുകളെ മർദിച്ച വളൻറിയർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ഡെലിഗേറ്റുകൾ രംഗത്തെത്തിയതോടെ തിയറ്റർ പരിസരം സംഘർഷാവസ്​ഥയിലേക്ക് നീങ്ങി. തമ്പാനൂർ പൊലീസും റിസർവ് ബറ്റാലിയനും സ്​ഥലത്തെത്തിയതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്.

ഡെലിഗേറ്റുകളിൽ ചിലർ അസഭ്യം പറഞ്ഞതിനാലാണ് മർദിച്ചതെന്ന് വളൻറിയർമാർ പറയുന്നു. എന്നാൽ മുൻവൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് ഡെലിഗേറ്റുകൾ ആരോപിച്ചു. ഇരുവിഭാഗങ്ങൾക്കും പരാതിയില്ലാത്തതിനാൽ പൊലീസ്​ കേസെടുത്തിട്ടില്ല്ല. അതേസമയം സംഘർഷസാധ്യത കണക്കിലെടുത്ത് രാത്രിവൈകിയും തിയറ്റർ പരിസരം കനത്ത പൊലീസ്​ കാവലിലാണ്. കഴിഞ്ഞ രണ്ടുദിവസമായി വളൻറിയർമാർക്കെതിരെ ഡെലിഗേറ്റുകളിൽനിന്ന് ഏറെ പരാതികളുയരുന്നുണ്ട്.

കഴിഞ്ഞ ദിവസം കൈരളിയിൽ സിനിമ കണ്ടിറങ്ങിയ ഒരു വനിതാ ഡെലിഗേറ്റിനോട് അപമര്യാദയായി സംസാരിച്ചതിനെ തുടർന്ന് ഡെലിഗേറ്റുകളും വളൻറിയർമാരും തമ്മിൽ കൊമ്പുകോർത്തിരുന്നു. ഇതിെൻറ ബാക്കിയാണ് വ്യാഴാഴ്ച അരങ്ങേറിയതെന്നാണ് പൊലീസ്​ നിഗമനം. അതേസമയം വെമ്പായത്ത് കെ.എസ്​.യു പ്രവർത്തകരായ വളൻറിയർമാരെക്കുറിച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഇവരെ ശാസിച്ചതായും പൊലീസ്​ പറഞ്ഞു.

Loading...
COMMENTS