വിലക്കുകൾ വലിച്ചെറിയുന്ന തിരശ്ശീലയിലെ പൊമ്പിളൈ ഒരുമ

അനസ്​ അസീൻ
10:03 AM
10/12/2015
വിയറ്റ്നാം സിനിമ ഫ്ലാപ്പിങ്ങ് ഇൻ ദ മിഡിൽ ഓഫ് നോവെയർ നിന്ന്

തിരുവനന്തപുരം: വിലക്കുകൾ വലിച്ചെറിഞ്ഞ അവർ പരമ്പരാഗത പുരുഷകേന്ദ്രീകൃത ഘടനകളെയും ജീവിതത്തിെൻറ പക്ഷഭേദങ്ങളെയും സ്​ത്രീകളുടെ കണ്ണിലൂടെ അവതരിപ്പിക്കുകയാണ് വിമൻ പവർ കാറ്റഗറിയിൽ ഇക്കുറി മേളയിലെത്തിയ ഏഴ് ചിത്രങ്ങൾ. കാമറക്ക് മുന്നിലും പിന്നിലും സ്​ത്രീകൾ സ്വയം അടയാളപ്പെടുത്തുകയാണ് ഓരേ ചിത്രത്തിലും. ഒരേ സമയം സ്​നേഹത്തിെൻറയും പ്രണയത്തിെൻറയും കടൽ ഇരമ്പുന്നതും അടക്കിപ്പിടിച്ച വേദനയുടെ തേങ്ങലുകളും സൂക്ഷ്മമായി ദൃശ്യങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

വ്യത്യസ്​ത സംസ്​കാരങ്ങളിലും മതങ്ങളിലും ഭരണകൂടത്തിലും സ്​ത്രീകൾ അനുഭവിക്കുന്നത് ഒരേ വേദനയും ഒരേ അവഗണനയുമാണെന്ന് പറയുന്നുണ്ട് സിനിമകൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചിത്രീകരിച്ച വിയറ്റ്നാമിൽ നിന്നുള്ള ഫ്ലാപ്പിങ്ങ് ഇൻ ദ മിഡിൽ ഓഫ് നോവെയർ, ബ്രസീലിയൻ ചിത്രമായ കിൽ മി പ്ലീസ്​, ദി സെക്കൻഡ് മദർ, ഗ്വാട്ടിമാല–ഫ്രാൻസിൽ നിന്നുള്ള ഇക്സാനുവൽ, ഇറ്റാലിയൻ ചിത്രമായ മൈ മദർ, കൺട്രി ഫോക്കസിൽ കൂടി ഉൾപ്പെട്ട ദ സമ്മർ ഓഫ് സാൻഗൈൽ എന്നിവയാണ് ലോകത്തെ പെൺതുരുത്തുകളുമായെത്തിയത്.

കുടുംബത്തിെൻറയും സമൂഹത്തിെൻറയും നിർണായക സാമൂഹികഘടനകൾ നിലനിർത്തുന്നതിലും അവയെ കണ്ണിചേർക്കുന്നതിലും സ്​ത്രീകളുടെ പങ്ക് ചെറുതാണെന്ന പുരുഷ മേൽക്കോയ്മയുടെ ആരോപണങ്ങൾക്ക് കരുത്തുറ്റ മറുപടികളാണ് ചിത്രങ്ങൾ. പാക്കേജിലെ വനിതാ സംവിധായകരുടെയും അല്ലാത്തതുമായ ചിത്രങ്ങളെല്ലാം തന്നെ സ്​ത്രീപക്ഷ ചിന്തയിലൂന്നിയുള്ളവയാണ്.

സംവിധായികയായ മാർഗറിറ്റ പ്രശസ്​ത അമേരിക്കൻ നടനായ ബാരി ഹ്യൂഗിൻസുമായി ചേർന്ന് സിനിമ പിടിക്കുന്നതാണ് മൈ മദർ. പക്ഷേ, പിന്നീട് നടൻ മാർഗറിറ്റക്ക് തലവേദനയായി  മാറുകയും ചെയ്യുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിെൻറ ഇതിവൃത്തം. ജോലിയുടെ സമ്മർദങ്ങൾക്കിടയിലും മകളെയും രോഗിയായ അമ്മയെയും പരിചരിക്കേണ്ടിവരുന്ന മാർഗറിറ്റയുടെ ജീവിതമാണിത്. ഹാസ്യച്ചുവയുള്ള ദ സെക്കൻഡ് മദർ  ബ്രസീലിൽനിന്ന് വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഓസ്​കറിനായി നോമിനേറ്റ് ചെയ്ത ചിത്രമാണ്. അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളാണ് കേന്ദ്രകഥാപാത്രം.

യുവജനങ്ങളുടെ അരാഷ്ട്രീയ ജീവിതത്തെയും അരക്ഷിത ലൈംഗിക ജീവിതത്തിെൻറ പരിണിതഫലങ്ങളെയും പ്രമേയമാക്കുകയാണ്  വിയറ്റ്നാമിലെ നവാഗത സംവിധായകൻ ദിയപ് ഹൊയാങ് നഗിയാെൻറ ‘ഫ്ലാപ്പിങ് ഇൻ ദി മിഡിൽ ഓഫ് നോവെയർ’. ആഗോള കാഴ്ചപ്പാടുകൾക്കപ്പുറമുള്ള  പുതിയ  പ്രവണതകളെ ദൃശ്യവത്കരിക്കുകയാണ് ഗ്വാട്ടിമാലയിൽ നിന്നുള്ള ഇക്സാനുവൽ. രണ്ട് പെൺകുട്ടികളുടെ പ്രണയത്തെ കേന്ദ്രീകരിച്ചിരിക്കുന്ന ചിത്രമാണ് സമ്മർ ഓഫ് സാൻഗൈൽ.  കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ രക്ഷനേടാൻ ശ്രമിക്കുന്ന സ്​ത്രീയുടെ കഥയാണ് കിൽ മി പ്ലീസ്​.

ബോഡോ തീവ്രവാദികൾക്കും പട്ടാളത്തിനുമിടയിൽ പെട്ടുപോയ ഒരു ഗ്രാമത്തിെൻറ കഥ പറയുകയാണ് ഇന്ത്യൻ സിനിമ ഇന്ന് എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി പ്രദർശിപ്പിച്ച ‘സോങ്ങ് ഓഫ് ദ ഹോൻഡ് ഔൽ’. കൊല്ലപ്പെട്ട ബോഡോ തീവ്രവാദിയുടെ കാമുകി പിന്നീട് ഒരവസരത്തിൽ പട്ടാളക്കാരുടെ ബലാത്സംഗത്തിനിരയാകുന്നു. അതിനെ അതിജീവിക്കാനുള്ള ശ്രമമാണ് ചിത്രത്തിെൻറ ഇതിവൃത്തം. എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപകൻ നേരിടുന്ന ഒരു ദുരന്തത്തെ പ്രമേയമാക്കുകയാണ് പോളണ്ട് ചിത്രമായ കാർട്ടെ ബ്ലാങ്കെ. ഹോങ്കോങ്ങിനെയും അവിടത്തെ ജനതയെയും സാധാരണക്കാരിലൂടെ അടയാളപ്പെടുത്തുകയാണ്  ഹോങ്കോങ്ങ് ട്രിലോജി. സാംസ്​കാരികകേന്ദ്രങ്ങളിലെ കാവിവത്കരണത്തിനെതിരെ പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ മേള സംഘ്പരിവാറിെൻറ ഫാഷിസത്തിനെതിരെയുള്ള സാംസ്​കാരികസംഗമം കൂടിയായി.
 

Loading...
COMMENTS