നിരൂപണത്തിലെ ലീഗ്, കുഞ്ഞാലിക്കുട്ടി പരാമർശം: മാപ്പ് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

12:14 PM
30/03/2018
Suraj and Sudani

'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തെ പ്രശംസിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. എന്നാൽ കുറിപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെയും മുസ് ലിം ലീഗിനെയും പരാമർശിച്ചത് വിവാദമായി. നിരവധി പാർട്ടി പ്രവർത്തകർ കുറിപ്പിന് താഴെ കമന്‍റുമായി രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് സുരാജ് വീണ്ടും രംഗത്തെത്തി. 

മലപ്പുറത്തിന്‍റെ സ്നേഹവും ഫുട്ബോളും ലാളനയും എല്ലാ അർത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തിൽ ഉദ്ദേശിച്ചത്. മലപ്പുറത്തിന്‍റെ സ്നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലികുട്ടി സാഹിബും. സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്‍റെ സ്നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളിൽ പ്രേക്ഷകർക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഞാൻ എഴുതിയതിൽ ഏതെങ്കിലും രീതിയിൽ ആർക്കെങ്കിലും മനഃപ്രയാസം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു.
                                                                                              -സുരാജ് 

"ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാർഥ മലപ്പുറത്തിന്‍റെ ഭംഗി. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്‍റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമയെന്നായിരുന്നു" സുരാജിന്‍റെ പരാമർശം. വിവിധ ഒാൺലൈൻ മാധ്യമങ്ങളെല്ലാം സുരാജ് മുസ്ലിം ലീഗിയെും കുഞ്ഞാലിക്കുട്ടിയെയും വിമർശിക്കുന്നുവെന്ന തരത്തിലാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെ‍യാണ് വിവാദത്തിൽ നിന്ന് തടിയൂരാൻ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സുരാജ് രംഗത്തെത്തിയത്. 

Loading...
COMMENTS