ദുൽഖർ മറുപടി നൽകി; പരിഭവം മാറിയ സുഡാനിക്ക്​ സന്തോഷം

15:35 PM
25/03/2018
samuel-dulquer

സുഡാനി ഫ്രം നൈജീരിയയിൽ സുഡാനിയായി വേഷമിട്ട സാമുവല്‍ അബിയോള റോബിന്‍സന്​ ആശംസകളുമായി യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. ദുൽഖറിന്​ മെസ്സേജ്​ അയച്ച സുഡു,​ മറുപടി കിട്ടിയില്ല എന്ന പരിഭവം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഏറെ വൈകാതെ ഡിക്യുവി​​െൻറ മറുപടി മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം സാമുവല്‍ ഫേസ്​ബുക്കിൽ വന്നു. അതീവ സന്തോഷവാനായ താരം ദുൽഖറിന്​ ഹൃദയം നിറഞ്ഞ നന്ദി പറയുകയും ചെയ്​തു. 

ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് താന്‍ മലയാള സിനിമയെ കുറിച്ച് പഠിച്ചെന്നും ദുല്‍ഖര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം തന്നെയും പ്രചോദിപ്പിച്ചെന്നുമായിരുന്നു സാമുവല്‍ സ​േന്ദശത്തിൽ പറഞ്ഞത്. മറുപടി ലഭിക്കാത്തതിലുള്ള സങ്കടം ഫേസ് ബുക്കില്‍ പങ്കുവെച്ചപ്പോള്‍ ആരാധകര്‍ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ വൈകാതെ മറുപടിയുമായി ദുല്‍ഖര്‍ തന്നെയെത്തി. കൂടാതെ ട്വിറ്ററിലും ഇൻസ്​റ്റാഗ്രാമിലും സാമുവലിനെ ദുൽഖർ ഫോളോ ചെയ്യുകയും ചെയ്​തിരുന്നു.

സാമുവലിന്‍റെ നല്ല വാക്കിന് നന്ദി പറഞ്ഞ ദുല്‍ഖര്‍ സിനിമയിലെ പ്രകടനം അതിശയിപ്പിച്ചെന്ന് പറഞ്ഞു. സാമുവലും സൗബിനും തകര്‍ത്തെന്ന് അഭിനന്ദിച്ച ഡിക്യു, സാമുവലിന് സ്നേഹവും ആശംസകളും നേര്‍ന്നു. ദുല്‍ഖറിന്‍റെ മറുപടി കിട്ടിയതിന് പിന്നാലെ സാമുവല്‍ ഫേസ് ബുക്ക് ലൈവിലെത്തി സന്തോഷം പങ്കുവെച്ചു. 
 

Loading...
COMMENTS