You are here
‘പൊതുബോധമല്ല യാഥാർഥ്യം, ‘സുഡാനി’യിൽ കണ്ടത് ജീവിതം’
മലപ്പുറം: സിനിമയിലും സാഹിത്യത്തിലും മലപ്പുറത്തെ കുറിച്ച പരാമർശങ്ങൾക്കും അവ സൃഷ്ടിച്ച പൊതുബോധത്തിനും ഉള്ള തിരുത്തല്ല ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയെന്ന് സംവിധായകനും തിരക്കഥാകൃത്തും. പൊതുബോധത്തെ തിരുത്താനോ എതിർപക്ഷത്തെ സൃഷ്ടിച്ച് നേരിടാനോ അല്ല ശ്രമിച്ചത്. പരിചിതമായ ജനങ്ങളെ, യാഥാർഥ്യങ്ങളെ പകർത്തുക മാത്രമാണ് സിനിമ. സിനിമയിലൂടെ ചിലരെ മോശക്കാരാക്കുന്നതിൽ ചിലർ ആനന്ദം കണ്ടെത്തുന്നുണ്ടാകാം. എന്നാൽ, യാഥാർഥ്യങ്ങൾ അതിനും മുകളിലാണ്. മലപ്പുറത്തിെൻറ ഭിന്നഭാവങ്ങൾ ഇനിയും പൊതുമണ്ഡലങ്ങളിൽ എത്തേണ്ടതുണ്ട്. കടൽ പോലെ പരന്നുകിടക്കുന്ന സ്നേഹ സൗഹൃദങ്ങളിൽനിന്ന് ഒരു ടീസ്പൂൺ മാത്രമേ എടുത്തിട്ടുള്ളൂവെന്നും സംവിധായകൻ സക്കരിയ മുഹമ്മദും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും പറഞ്ഞു. മലപ്പുറം പ്രസ്ക്ലബിൽ മീറ്റ് ദ െഗസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
താനൊരിക്കലും കടുത്ത ഫുട്ബാൾ പ്രേമിയോ കളിക്കാരനോ ആയിരുന്നില്ലെന്ന് സക്കരിയ പറഞ്ഞു. പൂക്കാട്ടിരിയിൽ കളിക്കാൻ എത്തുന്നവരെ നിരീക്ഷിച്ചിരുന്നു. അടുത്ത വീടുകളിൽ ആഫ്രിക്കൻ കളിക്കാർ താമസിച്ചിരുന്നതും ടീം മാനേജറുടെ ഇടപെടലുകളും മനസ്സിൽ തങ്ങിനിന്നിരുന്നു. സിനിമയിൽ ഇവയൊക്കെയാണ് ഏറിയും കുറഞ്ഞും വന്നത്. മുഹ്സിൻ പക്ഷേ, ഇങ്ങനെയല്ല. ഫുട്ബാൾ പ്രേമിയും മെസിയുടെയും അർജൻറീനയുടെയും ഇഷ്ടക്കാരനുമാണ്. മലപ്പുറവും പന്തുകളിയും ഉള്ളിലുള്ളത് െകാണ്ടാണ് ‘കെ.എൽ ടെൻ പത്ത്’ എന്ന ആദ്യ സിനിമ സംഭവിച്ചതെന്ന് മുഹ്സിൻ പറഞ്ഞു. കെ.എൽ ടെൻ പത്ത് നൽകിയ ശക്തിയിലാണ് സുഡാനി ഫ്രം നൈജീരിയ സംഭവിച്ചത്. മലപ്പുറത്തിെൻറ പന്തുകളി പെരുമ ജില്ലയിൽ ഒതുങ്ങുന്നില്ല. സിനിമ ഷൂട്ടിനായി ഘാനയിൽ എത്തിയപ്പോൾ അവിടെ മെസിയെന്ന് വിളിക്കുന്ന മലപ്പുറത്തെ അബ്ദുല്ലയെയും മറ്റു കളിക്കാരെയും കണ്ടു.
അടുത്ത സിനിമയിലും ഒരുമിച്ചുണ്ടാകുമെന്ന് സക്കരിയയും മുഹ്സിനും പറഞ്ഞു. സിനിമക്ക് പല വിഷയങ്ങളും നോക്കിയെങ്കിലും പരിചിതമായ മലപ്പുറത്തേക്ക് എപ്പോഴും തങ്ങളെ തിരികെ എത്തിക്കും. സുഡാനിയുടെ കഥ ഇതാകണമെന്ന് ഉറപ്പിച്ചത് അങ്ങനെയാണ്. നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു. പ്രസ്ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാൾ സ്വാഗതവും സമീർ കല്ലായി നന്ദിയും പറഞ്ഞു.