തന്നെ പുറത്താക്കാൻ ശ്രമമെന്ന് ഷെയ്ൻ; സംഘടനകൾ ആവശ്യപ്പെട്ടാൽ ഇടപെടുമെന്ന് മന്ത്രി  

22:02 PM
09/12/2019
ak-balan-171119.jpg

തിരുവനന്തപുരം: തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണെന്നും വിഷയത്തിൽ പിന്തുണ വേണമെന്നും സാംസ്കാരിക മന്ത്രി എ.കെ. ബാലനോട് നടൻ ഷെയ്ൻ നിഗം. തിരുവനന്തപുരത്ത് ചലച്ചിത്രമേളക്കെത്തിയ ഷെയ്ൻ മന്ത്രിയെ വസതിയിലെത്തിലാണ് സന്ദർശിച്ചത്. എന്നാൽ, വിഷയത്തിൽ സർക്കാർ ഒരു പക്ഷവും പിടിക്കാനില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി.

ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം രണ്ടാമത് അഭിനയിക്കാൻ എത്തിയ തന്നെ വിശ്രമം പോലും നൽകാതെ പീഡിപ്പിക്കുകയായിരുന്നെന്ന് ഷെയ്ൻ മന്ത്രിയോട് പറഞ്ഞു. വല്ലാത്ത മാനസിക വിഷമത്തിലാണ് താൻ മുടിമുറിച്ചത്. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണ്. താൻ കാരണം മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ തയ്യാറാണെന്നും വിഷയത്തിൽ മന്ത്രിയുടെ പിന്തുണകൂടി വേണമെന്നും ഷെയ്ൻ ആവശ്യപ്പെട്ടു.

സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണിതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അത് ‘അമ്മ’യെ അറിയിക്കും. ഷെയ്നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില വിവാദ പരാമർശങ്ങൾ നടത്തി. ഷെയ്നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ചിലർ. 

വ്യവസായം സംരക്ഷിക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തും. ഷെയ്നി​െൻറ വിഷയത്തിൽ സർക്കാറി​െൻറ ഇടപെടൽ സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി ബാലൻ അറിയിച്ചു.

Loading...
COMMENTS